ഇന്ത്യയില്‍ ഷോര്‍ട്‌സ് വീഡിയോകൾക്ക് പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്. ഇതിന്‍റെ ഭാഗമായി 2023ന്റെ തുടക്കത്തിൽ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബ് ക്രിയേറ്റേഴ്‌സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇക്കാര്യം അറിയിച്ചത്.

1,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഷോർട്സ് വീഡിയോ ക്രിയേറ്റർമാർക്ക് യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത്, അവസാന 90 ദിവസങ്ങളിൽ 10 ദശലക്ഷം കാഴ്ചക്കാരും 12 മാസത്തേക്ക് കുറഞ്ഞത് 4,000 മണിക്കൂർ കാഴ്ച സമയവും ഉണ്ടായിരിക്കണം. അതേസമയം, ഈ മേഖലയിലെ തുടക്കക്കാർക്കായി ഒരു പ്രത്യേക പദ്ധതിയും യൂട്യൂബ് വാഗ്ദാനം ചെയ്യും.

സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കർ, ചാനൽ മെമ്പർഷിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ തുടക്കക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ഹ്രസ്വ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരം നൽകുമെന്ന് ഇൻസ്റ്റാഗ്രാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബും സമാനമായ നീക്കവുമായി രംഗത്തെത്തിയത്.