തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ പരാമർശമാണ് ഹർജിക്ക് കാരണം.
കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണർ ആരോപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തു വിട്ടിരുന്നു. 2021 ഡിസംബർ 8ന് വി.സിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതായി ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിച്ചു. ഡിസംബർ 16ന് ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ലഭിച്ചു. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന അവസാന കത്ത് ജനുവരി 16ന് ലഭിച്ചതായും ഗവർണർ വിശദീകരിച്ചു.