ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു.

പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആരോപിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം മതപണ്ഡിതന്മാർ യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പറഞ്ഞു.

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാനും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുമാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നും ഹിന്ദു സമുദായത്തിൽ നിന്നുമുള്ള അംഗങ്ങൾ സമിതിയിൽ ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുണ്ടാകും. മദ്രസകൾക്ക് ഫണ്ട് ഉറപ്പാക്കാൻ ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും ഇഖ്ബാൽ സിംഗ് ലാൽപുര പറഞ്ഞു.