തേഞ്ഞിപ്പലം: നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രതീക്ഷകളേറുന്നു. രാജ്യത്തെ എ പ്ലസ് സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കൂടുതൽ വിദ്യാർഥികളെ കാലിക്കറ്റിലേക്ക് ആകർഷിക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾക്ക് മുൻഗണന ലഭിക്കും.

പഠനവകുപ്പുകളിലെ 40 ശതമാനം ഒഴിവുകളാണ് കഴിഞ്ഞ തവണ കാലിക്കറ്റ് എ ഗ്രേഡിൽ നിൽക്കാൻ കാരണം. എന്നിരുന്നാലും, ഇത്തവണ അതിൽ 30% ഒഴിവുകൾ നികത്താൻ കഴിഞ്ഞത് നേട്ടമായിരുന്നു. എന്നാൽ, കേസിലും മറ്റും കുരുങ്ങി 10% ഒഴിവുകൾ നികത്താനാകാത്തതാണ് നാക് എ പ്ലസ് പ്ലസ് എന്ന മികച്ച ഗ്രേഡിംഗ് ലഭിക്കാത്തതിന് കാരണമെന്ന് കണക്കാക്കപ്പെടുന്നു. 36 പഠന വകുപ്പുകളിലെ പഠന, ഗവേഷണ പ്രവർത്തനങ്ങൾ, പുതിയ കണ്ടുപിടുത്തങ്ങൾ, അധ്യാപകരിൽ ചിലർ പേറ്റന്റ് നേടിയത് എന്നിവ നേട്ടമായി. യുനെസ്കോയുടെ അംഗീകാരമുള്ള 2 ചെയറുകൾ പ്രവർത്തിക്കുന്നതും ഗുണം ചെയ്തു. പാഠ്യ വിഷയങ്ങളും അധ്യാപകരും വിലയിരുത്തപ്പെടുന്നത് ഉറപ്പാക്കാ‍ൻ ഡിജിറ്റൽ ഫീഡ്ബാക്ക് സമ്പ്രദായം നടപ്പാക്കിയിരുന്നു.