ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ട് സമ്മതിച്ചതായാണ് വിവരം. ഹൈക്കമാൻഡ് ഇടപെട്ടാണ് രാജസ്ഥാൻ കോൺഗ്രസ് ഗെഹ്ലോട്ട്-പൈലറ്റ് പോർ ശാന്തമായത്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ, വൺ മാൻ വൺ പോസ്റ്റ് നയം ബാധകമാകുമോ എന്ന് മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയോട് ചോദിച്ചിരുന്നു. “ഉദയ്പൂരിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. ആ തീരുമാനം പാലിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഗെഹ്ലോട്ടിന് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പായാണ് രാഹുലിന്‍റെ പരാമർശം വിലയിരുത്തപ്പെടുന്നത്. 2018 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതു മുതൽ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനം കാത്തിരിക്കുകയായിരുന്നു.