കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് ജനറൽ (എ.ജി) ആണ് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ശ്രദ്ധയിൽപെടുത്തിയത്.

കെ.എസ്.ആർ.ടി.സിയെ തൊട്ടാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലേറുണ്ടാകുമെന്ന്, വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം ചെയ്യില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തെ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് കോടതി പറഞ്ഞു.