കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വടകര സ്വദേശി നജീഷാണ് അറസ്റ്റിലായത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് നജീഷ്.

2017 ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ജില്ലാ സെക്രട്ടറി പി. മോഹനൻ ഓഫീസിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ആക്രമണമുണ്ടായത്. കേസിൽ നേരത്തെ രണ്ട് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307 പ്രകാരം വധശ്രമത്തിനും 143, 144, 147, 148, 148, 149, 458 എന്നീ വകുപ്പുകൾ പ്രകാരവും സ്ഫോടക വസ്തുക്കൾ കൈവശം വച്ചതിന് മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.