കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന് പകരമായി കൂപ്പൺ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ മുന്നിൽ കോടതിയെ അപകീർത്തിപ്പെടുത്താനാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ നിർദേശിച്ചു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാമ്പത്തിക സഹായം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകാൻ 50 കോടി രൂപ അനുവദിക്കാമെന്നും ബാക്കി തുകയ്ക്ക് സമാനമായ കൂപ്പൺ നൽകാമെന്നും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ നിർദ്ദേശം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.