ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ല. പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി നാളെ വീണ്ടും ചർച്ച നടത്തും. മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ഇത് നാലാം തവണയാണ് മന്ത്രിസഭാ ഉപസമിതി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നത്.  നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനിച്ച കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാത്തതിനാൽ ഈ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ ഗേറ്റിന് മുന്നിലെ സമര പന്തൽ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും പ്രതിഷേധക്കാർ ഉന്നയിക്കും.