ന്യൂ ഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി മാർഗിലെ പള്ളി സന്ദർശിച്ച ഭാഗവത് ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്ല്യാസിയുമായി സംസാരിച്ചിരുന്നു.

ഇമാമിന്‍റെ ക്ഷണപ്രകാരം ഡൽഹിയിലെ മദ്രസയായ തജ്‌വീദുല്‍ ഖുര്‍ ആന്‍ ഭാഗവത് സന്ദർശിച്ചു. ആർഎസ്എസ് മേധാവിയുടെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമർ അഹമ്മദ് ഇല്യാസി.

‘ഞങ്ങളുടെ പിതാവിന്‍റെ ചരമവാർഷിക ദിനത്തിൽ എന്‍റെ ക്ഷണപ്രകാരം ഭാഗവത് ജി വന്നത് വളരെ സന്തോഷകരമായ കാര്യമാണ്. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്‍റെ സന്ദർശനം രാജ്യത്തിന് നല്ല സന്ദേശമാണ് നൽകുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു’,ഇല്ല്യാസി പറഞ്ഞു.