കണ്ണൂര്‍: ഹര്‍ത്താലിന്റെ ഭാഗമായി പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. നിര്‍ബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ മര്‍ദിച്ചത്. കട അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ രാമന്‍തളി ഭാഗത്തുനിന്നെത്തിയ മുനീര്‍, നര്‍ഷാദ് സികെ, ശുഹൈബ് ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരില്‍ തുറന്നുപ്രവര്‍ത്തിച്ച കടകളാണ് പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. നിര്‍ബന്ധപൂര്‍വ്വം കട അടയ്ക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടതോടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സംഘടിതമായി ഇവരെ മര്‍ദിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇവരെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് മാറ്റിയത്.