ലണ്ടൻ: ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ദീർഘകാല എതിരാളിയും ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിലെ ഉറ്റസുഹൃത്തുമായ സ്പാനിഷ് താരം റാഫേൽ നദാൽ ലണ്ടനിലെ ഒ 2 അരീനയിൽ നടക്കുന്ന ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ കൂട്ടാവും.

41 കാരനായ ഫെഡറർ തന്‍റെ പ്രൊഫഷണൽ കരിയറിലെ അവസാന മത്സരം ലേവർ കപ്പിൽ യൂറോപ്പിനായി നദാലുമൊത്തുള്ള ഡബിൾസ് പോരാട്ടമായിരിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ടീം വേൾഡിന്‍റെ ജാക്ക് സോക്ക്- ഫ്രാൻസിസ് ടിഫോ സഖ്യവുമായി ഇവർ ഏറ്റുമുട്ടും. നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുൾപ്പെടെയുള്ള സഹതാരങ്ങൾക്കൊപ്പമാണ് ഫെഡറർ പ്രീ-ടൂർണമെന്‍റിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പങ്കെടുത്തത്.