തൃശ്ശൂർ: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആന പാപ്പാൻമാരാകാൻ നാടുവിട്ടു. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുൺ, അതുൽ കൃഷ്ണ ടി.പി, അതുൽ കൃഷ്ണ എം.എം എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്. ആന പാപ്പാന്മാർ ആകാൻ വേണ്ടിയാണ് നാട് വിടുന്നതെന്ന് കത്തെഴുതിയ ശേഷമാണ് കുട്ടികൾ നാടുവിട്ടത്. തങ്ങളെ അന്വേഷിച്ച് പൊലീസ് വരരുതെന്നും മാസത്തിലൊരിക്കൽ വീട്ടിൽ വരുമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോവുകയാണെന്നാണ് കത്തിൽ പറയുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. അവസാനമായി പേരാമംഗലത്ത് കുട്ടികൾ ബസ് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.