കൊല്ലം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്‍റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ പ്രതിഷേധക്കാർ യാത്രക്കാരെ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം നടന്നത്. ഹർത്താൽ അനുകൂലി പൊലീസിന്‍റെ ബൈക്കിൽ ഇടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.