മണ്ണാര്‍ക്കാട്: വീട്ടിലെ മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ മൂന്ന് വയസുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്‍റെ മകൻ റയാനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

റയാന്‍റെ അമ്മ ഹസനത്ത് വീടിന്‍റെ പിൻഭാഗത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു. കത്തിച്ചതിനുശേഷം ശേഷം ഹസനത്ത് വീടിനുള്ളിലേക്ക് പോയി. കുട്ടി കളിക്കാനായി പിറകുവശത്തേക്ക് പോയത് കണ്ടിരുന്നില്ല. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റ കുട്ടിയെ കണ്ടത്.

80 ശതമാനത്തിലധികം പൊള്ളലേറ്റ റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് പൊലീസ് അസ്വാഭാവിക മരണത്തിൻ കേസെടുത്തു. ഖബറടക്കം ശനിയാഴ്ച നടക്കും.