കാസർകോട്: (www.k-onenews.in) അമിത ഫീസ് നൽകാത്തതിന് 300 വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയ സംഭവം വിവാദമായി. നടപടിക്കെതിരെ രക്ഷിതാക്കൾ സംഘടിച്ച് യോഗം ചേർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്തു. അതേസമയം ഹൈകോടതി ഉത്തരവ് അനുസരിച്ചുള്ള ഫീസാണ് വാങ്ങുന്നതെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം.

കാസർകോട് ചിന്മയ വിദ്യാലയത്തിൽ നിന്നാണ് 300ഓളം വിദ്യാർത്ഥികളെ പുറത്താക്കിയത്. കോവിഡ് മഹാമാരിയിൽ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് കാസർകോട് ചിന്മയ വിദ്യാലയത്തിലെ അധികാരികൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഫീസിന്റെ പേരിൽ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.

ഓൺലൈനിലൂടെ ക്ലാസുകൾ നടക്കുന്ന ഈ സമയത്ത് ട്യൂഷൻ ഫീസിന് പുറമെ ലാബ് ഫീ പോലുള്ള മറ്റു പലതരം ഫീസുകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി.


ബാലാവകാശ കമ്മീഷൻ പറഞ്ഞിട്ടുള്ള ട്യൂഷൻ ഫീസുകളിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനം എങ്കിലും ഇളവ് നൽകണമെന്നാണ്. അത് പോലും വകവെക്കാതെ മുഴുവൻ ഫീസും നൽകണമെന്ന് പറഞ്ഞു 300ഓളം വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്.

300 ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുകയാണ് ചിന്മയ അധികാരികൾ ചെയ്തിട്ടുള്ളതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. സ്കൂള്‍ മാനേജ്‌മെൻ്റിൻ്റെ മനുഷ്യത്വ രഹിതമായ നടപടി പിൻവലിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്ന് രക്ഷിതാക്കൾ ആവശ്യപെട്ടു. അല്ലാത്ത പക്ഷം വിദ്യാർത്ഥി സംഘടനകളെയും യുവജന സംഘടനകളെയും രാഷ്ട്രീയ പാർടികളെയും സഹകരിപ്പിച്ച് ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

ഇത് സംബന്ധിച്ച് കാസർകോട് നഗരസഭാ ഹാളിൽ ചേർന്ന രക്ഷിതാക്കളുടെ കൂട്ടായ്മയുടെ യോഗം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. കൺവീനർ ആർ വിജിത്ത് അധ്യക്ഷത വഹിച്ചു. സി പി എം, എസ് എഫ് ഐ, എം എസ് എഫ്, ഐ എൻ എൽ, എൻ വൈ എൽ, പി ഡി പി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു.
അതേ സമയം ഹൈകോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജൂണിലെ ആദ്യ ടേം ഫീസ് അടക്കണമെന്ന നിബന്ധന മാത്രമേ മുന്നോട്ട് വെച്ചിട്ടുള്ളുവെന്നും മറ്റ് എല്ലാ തരത്തിലുള്ള ഫീസിളവും നൽകിയിട്ടുണ്ടെന്നും ചിൻമയ സ്ക്കൂൾ പ്രിൻസിപാൾ പ്രതികരിച്ചു. ഫീസിൻ്റെ കാര്യങ്ങൾ ഡയരക്ടർ ബോർഡാണ് തീരുമാനിക്കുന്നതെന്നും പ്രിൻസിപാൾ വ്യക്തമാക്കി. എന്നാൽ ഡയരക്ടർ ബോർഡുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here