അഡിഡാസ് ഷൂകളുടെ പുതിയ രണ്ട് മോഡലുകൾക്ക് മലക്കുകളുടെ പേരിട്ടത് വിവാദമാകുന്നു

0
14

വാഷിംഗ്ടൺ: അഡിഡാസ് യീസി ഷൂകളുടെ പുതിയ രണ്ട് മോഡലുകൾക്ക് മലക്കുകളുടെ പേരിട്ടത് വിവാദമാകുന്നു. അഡിഡാസ് യീസി ഷൂ സനീക്കർ ഷൂകൾക്ക് രൂപം നൽകിയ റാപ്പ് ഗായകൻ കന്യെ വെസ്റ്റും അഡിഡാസ് കമ്പനിയുമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

യീസി ബൂസ്റ്റ് 350 വി2 ഇസ്രാഫീൽ, യീസി ബൂസ്റ്റ് 350 വി2 അസ്രായീൽ എന്നിങ്ങനെയാണ് പുതിയ മോഡലുകൾക്ക് നൽകിയ പേര്. ഇസ്ലാം മതവിശ്വാസ പ്രകാരം മരണത്തിന്റെ മലക്കാണ് അസ്രായീൽ. ലോകാവസാന കാഹളമൂതുന്ന മലക്കാണ് ഇസ്രാഫീൽ. പരമ്പരാഗത ജൂത വിഭാഗത്തിലും മരണത്തിന്റെ മാലാഖയുടെ പേര് അസ്രായീൽ എന്നാണ്.

ഈ പേരു നൽകിയതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണുയരുന്നത്. ഉത്പന്നങ്ങൾ വിറ്റു പോകാൻ മതനിന്ദയും മതവിദ്വേഷവും ഉപയോഗപ്പെടുത്തുന്നതായി ആരോപണമുയരുന്നുണ്ട്. അഡിഡാസ് കമ്പനിയെയും കന്യെ വെസ്റ്റിനെയും കുറിച്ചോർത്ത് ലജ്ജിക്കുന്നതായി ഒരാൾ ട്വിറ്ററിൽ കുറിച്ചു. രണ്ടു പേരും ചേർന്ന് ഇസ്ലാം മതത്തെ അവഹേളിക്കുകയാണെന്നും അഡിഡാസിന്റെ ഉത്പന്നങ്ങൾ ഇനി ഉപയോഗിക്കില്ലെന്നുമുള്ള പ്രതികരണങ്ങളും വന്നു കഴിഞ്ഞു.

അഡിഡാസുമായി ചേർന്ന് സ്വന്തം പേരുപയോഗിച്ച് സ്‌നീക്കർ കലക്ഷൻ ഇറക്കിയ ശേഷമാണ് കന്യെ വെസ്റ്റ് കോടീശ്വരനായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here