
ഇന്ത്യയിലെ മുസ്ലിംകള്ക്ക് ചരിത്രപ്രധാനമായ ദിവസമാണ് ഡിസംബര്‍ 30. ബ്രിട്ടീഷ് ഇന്ത്യയില്‍ അവഗണനക്കും അടിച്ചമര്‍ത്തലിനും വിധേയരായ മുസ്ലിംകള് തങ്ങളുടെ അവകാശ പോരാട്ടത്തിനായി ആള് ഇന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചത് അന്നാണ്. കോണ്‍ഗ്രസ് എന്ന ബ്രിട്ടീഷ് നിര്‍മിതിയായ ഹിന്ദു ദേശീയ പ്രസ്ഥാനം മുസ്ലിംകളുടെ രക്ഷക്കു വേണ്ടിയുളളതല്ല എന്ന ബോധ്യമാണ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിംകള്ക്ക് സ്വന്തം സംഘടന എന്ന ആശയത്തിലേക്ക് നീങ്ങാന്‍ മുസ്ലിം നേതാക്കളെ നിര്‍ബന്ധിതരാക്കിയത്
1757ല്‍ ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തി തങ്ങളുടെ സൈനിക കുത്തക ആദ്യമായി സ്ഥാപിച്ചതുമുതല്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ പ്രധാന ശത്രുവായി കണ്ടത് മുസ്ലിംകളെയാണ്. സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസം, സൈന്യം തുടങ്ങിയ സര്‍വ മേഖലകളിലും മുസ്ലിംകളെ മാറ്റി നിര്‍ത്തി പകരം ഹിന്ദുക്കളെ ഉള്‍പ്പെടുത്തി. ഇതേ നിലപാടാണ് 1857ലെ കലാപാനന്തരവും സ്വീകരിച്ചത്. സര്‍ക്കാര്‍ തൊഴിലുകളില്‍ നിന്ന് മുസ്ലിംകളെ പൂര്‍ണമായി മാറ്റിനിര്‍ത്തി. ഹിന്ദുക്കളെയും കൃസ്ത്യാനികളെയും കൂടെ നിര്‍ത്തി. വിദ്യാഭ്യാസ നയം പരിഷ്ക്കരിച്ച് ക്രൈസ്തവ മതപ്രചാരണത്തിന് സൗകര്യമൊരുക്കി.കൃസ്ത്യന്‍ മിഷനറി സംഘങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കി. ഭൂനിയമം പരിഷ്ക്കരിച്ച് മുസ്ലിം കര്‍ഷകരെ ഭൂരഹിതരരും ഹിന്ദുക്കളെ ജന്മിമാരുമാക്കി
1857ലെ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബ്രിട്ടീഷുകാരെ അത് ഒരു പുനരാലോചനക്ക് പ്രേരിപ്പിച്ചു. തങ്ങളുടെ ഭരണം സുഗമമായി മുന്നോട്ടുപോകാന്‍ അനുകൂലികളായ പ്രമാണിമാരുടെ ഒരു സംഘടന, വിശിഷ്യാ രാജഭക്തരായ ഹിന്ദുക്കള്‍ നേതൃത്വം നല്‍കുന്നത് വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇതാണ് 1885 ഡിസംബര്‍ 28ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന് അലന് ഒക്റ്റോവ്യന് ഹ്യൂം കോണ്‍ഗ്രസിന് രൂപീകരിക്കുന്നതിന് കാരണമായത്. ബ്രിട്ടീഷ് അനുകൂലികളായ, രാജഭക്തരായ ദേശീയവാദികളെ അതിലൂടെ സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതാവായ ഡബ്ല്യു.സി ബാനര്‍ജി തന്നെ പറയുന്നത് കോണ്‍ഗ്രസ് ഡഫ്റിന്‍ പ്രഭുവിന്റെ ഉല്‍പ്പന്നമാണ് എന്നാണ്. കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ആരംഭിച്ചിരുന്നത് ബ്രിട്ടീഷ് രാജ്ഞിയെ വാഴ്ത്തിപ്പാടുന്ന പ്രാര്ഥനയോടുകൂടി ആയിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന പ്രത്യേകത അതൊരു ഹിന്ദു മേധാവിത്വത്തിനു വേണ്ടിയുളള സംഘടനയായിരുന്നു എന്നതാണ്. മദന്മോഹന് മാളവ്യയും ലാലാ ലജ്പത് റായിയും ബാല ഗംഗാധര തിലകനും അതൊരു ഹിന്ദു ദേശീയ സംഘടനയാക്കി. ഇന്ത്യന്‍ ദേശീയതയുടെ പര്യായമായി ഹിന്ദു ദേശീയതയെ അവര്‍ അവതരിപ്പിച്ചു. പശുവും ഗണേനോല്സവവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക കാര്യപരിപാടിയായി. അംബേദ്കര്‍ കോണ്‍ഗ്രസിനെക്കുറിച്ചു പറയുന്നത് നോക്കുക,
”കോണ്‍ഗ്രസും ഹിന്ദു മഹാസഭയും തമ്മിലെ ഏക വ്യത്യാസം മഹാസഭ ഉച്ചാരണത്തില്‍ പരുഷവും പ്രവര്‍ത്തനരീതിയില്‍ ക്രൂരവും ആണ് എന്നത് മാത്രമാണ്. രണ്ടും ഒരേ ലക്ഷ്യമുളളതാണ്”
മുസ്ലിംകള് രൂപീകരണ കാലം മുതല്‍ ഇക്കാരണങ്ങളാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല. കോണ്‍ഗ്രസിനെ സയ്യിദ് അഹമ്മദ് ഖാന് ഓര്‍മിപ്പിച്ചു, ”ജനാധിപത്യത്തിന്റെ വിജയത്തിന് ഭൂരിപക്ഷത്തെയും വൈമനസ്യമുളള ന്യൂനപക്ഷത്തെയും നയിക്കാനുളള കഴിവ് ഭൂരിപക്ഷത്തിന് വേണം. മുസ്ലിംകള് ന്യൂനപക്ഷമാണ്. പക്ഷെ അവര്‍ക്ക് ഐക്യരൂപമുണ്ട്. അടിച്ചമര്‍ത്തുമ്പോള്‍ വാളെടുത്ത പാരമ്പര്യമാണവര്‍ക്ക്”
ഏതാണ്ട് പത്ത് വര്‍ഷം നീണ്ട നിരന്തരമായ ചിന്തകളുടെയും ചര്‍ച്ചകളുടെയും ഫലമാണ് മുസ്ലിം ലീഗിന്റെ ജനനം. സയ്യിദ് അഹമ്മദ് ഖാന് എല്ലാ എതിര്‍പ്പുകളെയും നേരിട്ട് നടത്തിയ പോരാട്ടമാണ് ഇതിന് പശ്ചാത്തലമൊരുക്കിയത്. പക്ഷെ മുസ്ലിം ലീഗ് ജനിക്കുന്നതിന് എട്ട് കൊല്ലങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇഹലോകം വെടിഞ്ഞു. കോണ്‍ഗ്രസ് ജനിച്ച് മൂന്ന് വര്‍ഷം മാത്രം പിന്നിടുമ്പോള്‍, 1888ല്‍ സെന്‍ട്രല്‍ മുഹമ്മദന്‍ അസോസിയേഷന് വൈസ്രോയി ഡെഫ്റിന്‍ പ്രഭുവിന് മുസ്ലിംകളുടെ സാമൂഹിക അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം നല്കി എന്നത് മുസ്ലിംകള് കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തില്ല എന്നതിന്റെ പ്രധാന സൂചനയാണ്. കോണ്‍ഗ്രസിലൂടെ തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. മുസ്ലിം നേതാക്കളുടെ 1906ലെ സിംല നിവേദനമായിരുന്നു മുസ്ലിംകളുടെ രാഷ്ട്രീയ നീക്കങ്ങളിലെ മറ്റൊരു പ്രായോഗിക നടപടി. നവാബ് മുഹ്സിനുല്‍ മുല്‍ക്കാണ് ഇതിന് മുന്‍കൈയ്യെടുത്തത്. ലഖ്നോയില്‍ യോഗം ചേര്‍ന്ന് നിവേദനം തയ്യാറാക്കി. ആഗാ ഖാന് സാഹിബിനെയിരുന്നു അഞ്ചംഗ സിംല നിവേദക സംഘത്തിന് നേതൃത്വം നല്കാന് മുഹ്സിനുല്‍ മുല്‍ക്ക് ചുമതലപ്പെടുത്തിയത്. മിന്റോ പ്രഭു മുമ്പാകെ സമര്‍പ്പിച്ച ഈ നിവേദനത്തിലാണ് മുസ്ലിംകള്ക്ക് പ്രത്യേകം നിയോജക മണ്ഡലങ്ങള്‍ എന്ന ആവശ്യം ഉന്നയിച്ചത്. മുസ്ലിംകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് സമിതി രൂപീകരിക്കണം, സര്‍വകലാശാല ഭരണസമിതികളില്‍ മുസ്ലിംകള്ക്ക് പ്രാതിനിധ്യം ലഭിക്കണം, മുസ്ലിം സര്‍വകലാശാല സ്ഥാപിക്കണം തുടങ്ങിയവയെല്ലാം നിവേദനത്തിലുണ്ടായിരുന്നു
1905ലെ ബംഗാള്‍ വിഭജനം അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം ജനതക്ക് പുതുശ്വാസം നല്കി. എന്നാല്‍ ഇതിനെതിരായ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ മുസ്ലിംകള്ക്ക് തിരിച്ചറിവ് നല്കി. ഇതോടെയാണ് ഒരു രാഷ്ട്രീയ സംഘടന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ആഗാ ഖാന് സാഹിബ് സംഘടന രൂപീകരണം എന്ന ആശയം ശ്രദ്ധയില്‍ പെടുത്താന്‍ ധാക്ക നവാബ് സലീമുല്ലാ ഖാന് കത്തെഴുതി. തുടര്‍ന്നാണ് 1906 ഡിസംബര്‍ 30ന് ചരിത്രപ്രധാനമായ യോഗത്തില്‍ ആള് ഇന്ത്യാ മുസ്ലിം ലീഗ് ജനിച്ചത്. യോഗത്തിലെ നവാബ് വിഖാറുല്‍ മുല്‍കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, ”ബ്രിട്ടീഷുകാര്‍ പോയാല്‍ നമ്മുടെ നാലിരട്ടി അംഗബലമുളള ഭൂരിപക്ഷ സമുദായക്കാരാണ് ഭരിക്കുക. നമ്മുടെ അവസ്ഥ എന്താകും? നമ്മുടെ ജീവനും സ്വത്തും മതവും മാന്യതയും അപകടത്തിലാവും. ബംഗാള്‍ വിഭജന സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസിന്റെ തനിനിറം നാം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് വളര്‍ച്ച മുസ്ലിംകളുടെ സുരക്ഷക്ക് അപകടമാണെന്ന സയ്യിദ് അഹമ്മദ് ഖാന്റെ ദീര്ഘവിക്ഷണത്തിന് നാം കടപ്പെട്ടിരിക്കുന്നു”
ആഗാ ഖാന് പ്രസിഡന്റും നവാബ് വിഖാറുല്‍ മുല്‍ക് സെക്രട്ടറിയും മഹ്മൂദാബാദ് രാജ ഖജാഞ്ചിയുമായി. ആഗാ ഖാന് ആ യോഗത്തില്‍ സന്നിഹിതനായിരുന്നില്ല. അലിഗഡിലായിരുന്നു സംഘടനയുടെ കേന്ദ്ര ഓഫിസ്. നാല് വര്‍ഷത്തിന് ശേഷമാണ് ലഖ്നോയിലേക്ക് ആസ്ഥാനം മാറ്റുന്നത്. ബംഗാള്‍ വിഭജനം സവര്‍ണ ഹിന്ദു താല്പര്യങ്ങള്ക്കായി 1911ല്‍ റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ശബ്ദിക്കാന്‍ മുസ്ലിംകള്ക്ക് ഒരു സംഘടനയുണ്ടായി. അതിന് മുമ്പ് മുസ്ലിംകളുടെ ശബ്ദം ദുര്‍ബലവും ചിതറിയതുമായിരുന്നു. സവര്‍ണ ഹിന്ദുക്കള്‍ക്കായി ബംഗാള്‍ വിഭജനം റദ്ദ് ചെയ്യിക്കാന്‍ കോണ്‍ഗ്രസ് അതിതീവ്ര നിലപാടെടുത്തിരുന്നു
മുസ്ലിം ലീഗ് ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ് എന്നായിരുന്നു അന്നുതന്നെ കോണ്‍ഗ്രസിന്റെ കുപ്രചാരണം. കോണ്‍ഗ്രസ് രൂപീകരിച്ചതും ആദ്യത്തെ അധ്യക്ഷനും ബ്രിട്ടീഷുകാരനായിരുന്നു എന്നോക്കണം. ധാക്കയിലെ യോഗത്തില്‍ ഒരു ബ്രിട്ടീഷുകാരനെയും മുസ്ലിം നേതാക്കള്‍ പങ്കെടുപ്പിച്ചില്ല. മുസ്ലിം ലീഗിന്റെ ഒരു സമ്മേളനത്തിലും പില്ക്കാലത്തും അതുണ്ടായില്ല. ഇന്ത്യ വിഭജിക്കുമ്പോള്‍ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി മൗണ്ട് ബാറ്റനെ അംഗീകരിച്ചു. എന്നാല്‍ പാകിസ്താന് അത്തരമൊരാളെ ആവശ്യമില്ല എന്നാണല്ലോ ഖാഇദെ അഅ്സം മുഹമ്മദലി ജിന്ന സാഹിബ് തീരുമാനിച്ചത്