സമീപകാലത്ത് ഫേസ്ബുക്കിൽ വല്ലാത്ത രീതിയിൽ സംഘികൾ ക്രിസ്ത്യൻ ഐഡികൾ ഉപയോഗിച്ച് മുസ്‌ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ അർഥം യഥാർഥ ഐഡികൾ മിണ്ടുന്നില്ല എന്നല്ല. എന്നാൽ മുസ്‌ലിം വിരുദ്ധത പറയുന്നതിൽ ഇന്ന് ആർ എസ് എസ് നേക്കാൾ ഭീകരത ചില ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നാണ്.

ഇന്ന് കേരളത്തിൽ ഏറ്റവും സ്റ്റാർവാല്യൂ ഉള്ള ഒരു ധ്യാന കേന്ദ്രമാണ് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം. ധ്യാന ഗുരു സേവിയർഖാൻ വട്ടായിൽ. അദ്ദേഹം രൂപതകളിൽ നിന്ന് രൂപതകളിലേയ്ക്കും വിദേശത്തും പറന്നു നടക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഒരു ബിഷപ്പിന്റെ വാക്കുകളേക്കാൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനം വിലകൊടുക്കുകയും ഒപ്പം ശ്രവിക്കുകയും ചെയ്യും. ഏകദേശം ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം (അര മണിക്കൂർ ആരാധന ആണ്) ഒരു മൾട്ടി നാഷണൽ കംമ്ബനിയുടെ പവർ പോയിന്റ് പ്രസന്റേഷനെ വെല്ലുന്ന രീതിയിൽ ന്യൂസ് വീഡിയോ പ്രദർശിപ്പിച്ചു. ‘ കേരളത്തെ ഇസ്ലാമിക തീവ്രവാദം പിടികൂടുന്നു. ‘ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു .(ലിങ്ക് കമന്റായി കൊടുത്തിട്ടുണ്ട്). കഷ്ടിച്ച് ഒരാഴ്ചക്ക് മുൻപ് ഫാദർ നോബിൾ തോമസ് പാറക്കൽ നടത്തിയ പ്രസംഗവുമായി ധാരാളം സാമ്യം ഉള്ളതുകൊണ്ട് ഒരാസൂത്രിതമായ പി ആർ വർക്ക് ആണെന്ന് സംശയിച്ചാൽ തെറ്റില്ല.

തീവ്രവാദം മീഡിയയിൽ ബാധിക്കുന്നു അവരെല്ലായിടത്തും നുഴഞ്ഞു കയറുന്നു. സമൂഹത്തിലെ ബുദ്ധിജീവികളെ വിലക്കെടുക്കുന്നു ….ഏതാണ്ട് ഹിന്ദു ഐക്യവേദിക്കാരൻ വിളയാടുന്ന എല്ലാ ജിഹാദുകളും പേരെടുത്തു പറയാതെ ‘ ധ്യാനഗുരു ‘ ഓർമിപ്പിക്കുന്നു. ഇനി ശ്രദ്ധിക്കുക; പറയുമ്പോൾ ഓരോന്നിനും റഫറൻസായി പറയുന്നത് അഥവാ വീഡിയോ കാണിക്കുന്നത് ചില വാർത്ത ശകലങ്ങളാണ്. ആദ്യം കാണിക്കുന്നത് എം എൻ കാരശ്ശേരിയെ ആണ്. മാതൃഭൂമി ചാനലിൽ വേണുവിനോട് സംസാരിക്കുന്നതാണ്. ശബ്ദം മാത്രമാണ് കേൾപ്പിക്കുന്നത്. കാരശ്ശേരി പുഞ്ചിരിക്കുന്ന ഒരു മനോഹര ചിത്രം കാണിക്കുന്നുണ്ട്. എല്ലാവരും വിലക്കെടുക്കപ്പെടുന്നവരാണെന്നും കാരശ്ശേരി പോരാടിക്കൊണ്ടിരിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്നതാണ് ഇതിവൃത്തം. അംഗത്വമില്ലാത്ത ഇസ്ലാമിക വിജ്ഞാന കോശത്തിൽ നിന്ന് രാജിവച്ചതായി ‘ജന്മഭൂമിക്കു ‘ വാർത്താക്കുറിപ്പയച്ച കാരശ്ശേരിയുടെ വളയമില്ലാ ചാട്ടങ്ങൾ ധാരാളം കണ്ട കേരളീയരോട് അധികം വിവരിക്കേണ്ടതില്ല. അടുത്ത കഥാപാത്രം ആണ് അതിലും രസം സാക്ഷാൽ ടിജി മോഹൻദാസ്. അർത്തുങ്കൽ പള്ളിയുടെ അടിയിൽ ക്ഷേത്രം കണ്ടുപിടിച്ച പുരാവസ്തു ഗവേഷകൻ. ഇവവരെയൊക്കെ ഉദ്ധരിച്ചാണ് വട്ടായിലച്ചൻ കത്തിക്കയറുന്നത്.

ക്രിസ്തീയ വംശഹത്യ കേരളത്തിൽ നടക്കാൻ പോകുന്നു തേജോവധം…. എന്നിവയൊക്കെ ഇടയ്ക്കിടെ വച്ച് കീറുന്നു. പക്ഷെ എവിടെ എന്ത് എന്നൊന്നും ഇല്ല. സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ നടത്തിയ വംശഹത്യകൾ ഗുജറാത്തിൽ മുസ്ലീങ്ങൾ ആണെങ്കിൽ ഒറീസയിൽ ക്രിസ്ത്യാനികൾ ആയിരുന്നു പക്ഷെ രണ്ട് വംശഹത്യകളും ഇവിടെ സംസാരിക്കുന്നില്ല. കേരളത്തിൽ ഐ എസ് ഉണ്ടെന്നു യു എൻ പറഞ്ഞിട്ടും കേരള സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യൻ സർക്കാർ അതായത് മോഡി എഴുതിക്കൊടുത്ത റിപ്പോർട്ട് ആണെന്ന് അതിൽ തന്നെ പറയുന്ന കാര്യം അച്ചൻ മിണ്ടുന്നില്ല. ഉദ്ധരണി ആയി കാണിക്കുന്നത് റിലയൻസ്ന്റെ ന്യൂസ് 18 ആണ്. ഒപ്പം ക്രിസ്ത്യൻ യു ട്യൂബ് ചാനലായ ഷക്കയ്‌ന ചാനൽ വാർതായും കാണിക്കുന്നു. അടുത്തത് ഏഷ്യാനെറ്റ് എഫ് ഐ ആർ ആണ്. ഉത്തരേന്ത്യൻ ചാനൽ ഒളിക്ക്യാമറ ദൃശ്യം പകർത്തിയ സൈനബ ടീച്ചറിന്റെയും അഹമ്മദ് ഷെരീഫിന്റെയും വാക്കുകൾ ആണ് മഹാതെളിവുകൾ. ഇതുവരെയും സംഘപരിവാർ കേന്ദ്ര ഏജൻസി മുതൽ കേരള പോലീസ് കണ്ടെത്താത്തത് ധ്യാന കേന്ദ്ര അധിപൻ പറയാതെ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതാവ് കേരളവും കാശ്മീരും ഒന്നാണെന്ന പ്രസ്‌താവന പറഞ്ഞുകൊണ്ട് കേരളത്തിലെ സാധാരണ മനുഷ്യർക്ക് സത്യസരണിയും പോപ്പുലർ ഫ്റന്റും ഭീഷണി ആണെന്ന പ്രസ്താവന ആ രണ്ടു പേരും പറയാതെ അച്ചൻ പലതവണ ആവർത്തിക്കുന്നു. അച്ചൻ ആശ്രയിക്കുന്നത് മുഴുവൻ സംഘപരിവാർ സോഴ്സ് ആണ്.

സ്വീഡൻ കലാപം ഇടയ്ക്കിടെ ഓർമിപ്പിക്കുന്നു. സമാധാനമായി കഴിഞ്ഞ ആ രാജ്യം ഇന്ന് കലാപഭൂമിയായി എന്ന് പറയുന്നു. പക്ഷെ കാര്യ കാരണങ്ങൾ മിണ്ടുന്നില്ല. ഒരുമാതിരി ആറെസ്സെസ്സുകാരന്റെ ചരിത്ര വ്യാഖ്യാനം പോലെയാണ് അച്ചന്റെ പ്രഭാഷണം . അന്താരാഷ്ട്രത്തിൽ നിന്ന് അടുത്തത് നേരെ കുടിയേറ്റ കർഷകന്റെ പ്രശ്നത്തിലേയ്ക്കാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളോ തകർന്ന സമ്പദ് വ്യവസ്ഥയോ മിണ്ടുന്നില്ല എന്ന് പ്രതേകം ഓർക്കണം. പത്തനം തിട്ടയിലെ കർഷകന്റെ കസ്റ്റഡി മരണം പറയുന്നുണ്ട്. കോവിഡ് കാലത്തു താമരശ്ശേരി പിതാവിനെതിരെ കേസ് എടുത്തതായി പറയുന്നു പറയുന്നുണ്ട്. ഒപ്പം കുഞ്ഞനന്തന്റെ ശവസംസ്ക്കാരത്തെയും പേര് പറയാതെ വിമർശിക്കുന്നു. പിണറായിയാണ് ലക്ഷ്യം . ക്യാപ്സൂൾ കമന്റുകാർ ജാഗ്രതൈ….!!!!!!!!

കേരളത്തിൽ ക്രിസ്ത്യൻ സമൂഹം അന്യം നിന്ന് പോകുന്നു. കാരണം സംവരണം അനുസരിച്ചു കാര്യങ്ങൾ കിട്ടുന്നില്ല. ഓർക്കുക നോബിൾ തോമസിനെ പോലെ വട്ടായിലച്ചനും സുറിയാനി ആണ്. ഉദേശിച്ചത്‌ മുന്നോക്ക സംവരണം ആണോ …? എന്തായാലും ലത്തീൻ കത്തോലിക്കന്റെ കാര്യം പറയില്ലല്ലോ അങ്ങനെ പറഞ്ഞു ശീലവുമില്ല. ഇതാ വന്നു സാക്ഷാൽ ‘ ജിഹാദ്.’ സ്ത്രീകളെ കാണാതെ പോകുന്നു. ഇവരൊക്കെ എവിടെ പോകുന്നു പ്രണയക്കുരുക്ക്…….3000 സ്ത്രീകൾ മിസ്സിംഗ്, വിവരങ്ങൾക്ക് ക്രൈം റിക്കാഡ്സ് ബ്യൂറോ ആണ് അവലംബം. പക്ഷെ കോഴിക്കോട് ഒരു ഗ്രാമത്തിൽ അടുപ്പിച്ചു ഒൻപതു സ്ത്രീകൾ കാണാതായ ഒരു കാര്യം അച്ചൻന് നേരിട്ട് അറിയാമെന്നു പറയുന്നു എന്നാൽ കൂടുതൽ വിവരങ്ങൾ പറയുന്നതും ഇല്ല. ഞാൻ നേരത്തെ സൂചിപ്പിച്ചില്ലേ സംസാരം മുഴുവൻ സംഘികൾ ചരിത്രം പറയുന്നത് മാതിരിയാണ്.

ഉള്ളത് പറയാല്ലോ പുട്ടിനു തേങ്ങാ ഇടുന്ന പോലെ ആദ്യവുമവസാനവും കോൺഗ്രസും സിപിഎമ്മും ലീഗും നല്ല പാർട്ടിയും നേതാക്കളും ഉണ്ടെന്നും പറയുന്നു. ജാതി നോക്കാതെ സ്നേഹിക്കണമ് പക്ഷെ സത്യം വിളിച്ചു പറയണം………….എന്നൊക്കെ പറയുന്നു. മുസ്ലീങ്ങളെ പറഞ്ഞു മനസിലാക്കണം എന്ന് പറയുന്നു. ഭാഗ്യം അത്രയും കരുണ കാണിക്കുന്നല്ലോ അതായത് ആർ എസ് എസ് കാരെപോലെയല്ല പറഞ്ഞാൽ മനസിലാകുന്നവരാണ്. (പക്ഷെ പറയുന്നത് സത്യം ആയിരിക്കണം എന്ന് മാത്രം) .

തീർന്നില്ല മതത്തിന്റെ, പാർട്ടിയുടെ രീതിയിൽ ഞാൻ സംസാരിക്കാറില്ല പക്ഷെ തുർക്കിയിലെ ഹഗിയ സോഫിയ സംഭവം എന്നെ അതിനു പ്രേരിപ്പിച്ചു എന്നും അച്ചൻ പറയുന്നു. തുർക്കിയിലെ ഉർദുഗാന്റെ മൂക്ക് വഴിയല്ല ഇവിടത്തെ മുസ്ലീങ്ങൾ ശ്വസിക്കുന്നത് അതുകൊണ്ട് ഉർഡ്‌ഗാനെ കാട്ടി ഇവിടത്തെ പ്രശ്‍നങ്ങൾ പറയുന്നതിൽ ഒരർഥവുമില്ല. എട്ട് നോമ്പ് (സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ) തീരുമ്പോൾ തീവ്രവാദത്തെ നശിപ്പിക്കാനും പ്രാർഥിക്കുന്നു.

ഒരു കാര്യം കൂടി ……..അടുത്ത പഞ്ചായത്തു, അസംബ്ലി തെരഞ്ഞെടുപ്പിന് ബിജെപിയുടെ കൃത്യമായ ഒരുക്കം അവർ നടത്തുന്നു എന്ന് മാത്രമല്ല അതിനായ് എവിടെയും നടത്തുന്ന വർഗീയ ധ്രുവീകരണം ഇവിടെ സവർണ്ണ ക്രിസ്ത്യാനികൾക്കിടയിൽ നടത്തി കഴിഞ്ഞു. ഫാദർ സേവിയർഖാൻ വട്ടായിലിനെ പോലുള്ളവർ നടത്തുന്ന ഇത്തരം ‘ ധ്യാനങ്ങൾ ‘ അവർണ്ണ ക്രിസ്ത്യാനികളെ പോലും സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാരണം കതോലിക്ക സഭയിൽ വൈദീകർക്കുള്ള സ്ഥാനം അങ്ങനെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഷപ്പ് മുതൽ വൈദീകൻ വരെ പലരും ലൈംഗീക പീഡനം നടത്തിയപ്പോൾ സഭ സർവ്വ ശക്തിയുമെടുത്തു പ്രതിരോധിച്ചത്. കണ്ടമാലിനെ ഓർക്കാത്ത,3 മുഖ്യ ശത്രുക്കളിലൊരാൾ ക്രിസ്താനി എന്ന് അടിസ്ഥാന പ്രമാണമാക്കിയവരെ പരാമർശിക്കാത്ത വട്ടായിലച്ചന്റെ ഈ ‘ രാഷ്ട്രീയ ധ്യാനം ‘ ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് പരവതാനി വിരിക്കലാണ് എന്ന കാര്യം സ്പഷ്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here