സാമൂഹ്യ നീതി പുലരാതെ നവകേരളം സാധ്യമോ? എസ്ഡിപിഐ
സംസ്ഥാന ജനറല്‍ സെക്രട്ടറി
തുളസീധരന്‍ പള്ളിക്കല്‍ ✍️

0

ചരിത്രം തിരുത്തിക്കൊണ്ട് രണ്ടാമതും പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു.
‘നവകേരളത്തെക്കുറിച്ച് ഏറെ വാചാലമായ മുഖ്യമന്ത്രിയില്‍ നിന്ന് ഭാവനാത്മകവും ക്രിയാത്മകവുമായ
ചുവടുവെയ്പുകള്‍ പ്രതീക്ഷിക്കുന്നു..
പക്ഷേ, സംഘടിത സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കു വിധേയമാകുന്ന നയങ്ങള്‍ തുടക്കത്തിലേ സംഭവിക്കുന്നു. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഭരണ പരിചയവും അനുഭവ സമ്പത്തുമുള്ള ‘കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന് വ്യവസായം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്രമുഖ വകുപ്പുകള്‍ നല്‍കാതിരുന്നതിന് യുക്തി സഹമായ വല്ല കാരണങ്ങളുണ്ടോ?
തികഞ്ഞ വിവേചനമല്ലാതെ മറ്റെന്താണിത്.
21 അംഗങ്ങളില്‍ ഒരൊറ്റ ദലിതന്‍ മാത്രമുള്ളപ്പോള്‍ അപ്രധാനമായൊരു മൂലയിലിരുത്തുന്നത് അനീതി തന്നെയാണ്. (കാബിനറ്റ് പദവികളില്‍ പത്തും കയ്യടക്കിയത് ജനസംഖ്യയില്‍ 11% വരുന്ന മുന്നാക്ക സമുദായം)
സിപിഐ യില്‍ മൂന്നാമതും ജയിച്ചു കയറിയ ദലിതരായ സി.കെ ആശയേയും, ചിറ്റയം ഗോപകുമാറിനേയും തഴഞ്ഞ് ആദ്യമായി നിയമസഭയിലെത്തിയ മൂന്നു പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത് സവര്‍ണ പ്രീണനമല്ലേ?.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായും ആഭ്യന്തര മന്ത്രിമാരായും ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഭരിക്കുമ്പോള്‍ പ്രസ്തുത വിഭാഗങ്ങളെ പുറത്തു നിര്‍ത്തി ‘നവോഥാനം’ എന്നു പറയുന്നത് പൊള്ളത്തരമല്ലേ?
(ആന്ധ്രപ്രദേശില്‍ പോലും ആഭ്യന്തരമടക്കം പ്രധാന വകുപ്പുകളിലെ ആറ് മന്ത്രിമാര്‍ ആദിവാസി ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബംഗാളിലും തമിഴ്‌നാട്ടിലും ദലിത് പ്രാതിനിധ്യം യഥാക്രമം ഒമ്പതും അഞ്ചുമാണ്).
മുന്നാക്ക ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ‘ന്യൂനപക്ഷ ക്ഷേമ വകുപ്പ്’ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. 18.4% വരുന്ന ക്രൈസ്തവരില്‍ 10.4% വരുന്ന ലത്തീന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവരുടെ വിഭവാധികാരങ്ങളിലെ പങ്ക് എത്രയാണ്, എവിടെയാണ്.?
അതില്‍ തന്നെ 7% വരുന്ന ദലിത് ക്രൈസ്തവര്‍ക്ക് ആറു പതിറ്റാണ്ടായി നിയമസഭയില്‍
പ്രാതിനിധ്യമില്ല. 25 ലക്ഷം വരുന്ന ഒരു വിഭാഗത്തെ പുറത്തു നിര്‍ത്തുന്നത് കടുത്ത അനീതിയല്ലേ?
ആദിവാസികളും – ദലിതരും മുസ്ലിങ്ങളും കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ യോഗ്യരല്ല – എന്ന ‘പൊതുബോധം’നിലനില്ക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് നവകേരളം സൃഷ്ടിക്കാനാവുക.?

പ്രാതിനിധ്യമാണ് ജനാധിപത്യമെങ്കില്‍ ആനുപാതിക പ്രാതിനിധ്യം (Proportional Representation) എല്ലാവര്‍ക്കും ഉറപ്പു വരുത്തേണ്ടതുണ്ട്. അതിലൂടെയേ സാമൂഹ്യനീതി പുലരുകയുള്ളു. ഇച്ഛാശക്തിയുണ്ടെങ്കില്‍ പുതിയ ഗവണ്‍മെന്റില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് അതാണ്.

ഇടതു നേതാക്കള്‍ അംഗങ്ങളായ നിയസഭാ കമ്മിറ്റി സമര്‍പ്പിച്ച (2017)
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്കു വിടണമെന്ന ശുപാര്‍ശ നടപ്പിലാക്കുക.

സാമൂഹ്യനീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം പിന്‍വലിക്കുക.

ആദിവാസികളും ദലിതരുമടക്കമുള്ള ഭൂരഹിതര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി നല്‍കുക.

പതിറ്റാണ്ടുകളായി കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന ‘അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി’ തിരിച്ചുപിടിക്കുക.

തുടങ്ങി നീതിപൂര്‍വ്വമായ തീരുമാനങ്ങള്‍ ഏറ്റെടൂത്തു കൊണ്ടേ നവകേരളത്തിന്
അടിത്തറയിടാന്‍ കഴിയൂ…. അല്ലെങ്കില്‍ രണ്ടാം നിവര്‍ത്തന പ്രക്ഷോഭത്തിന് മര്‍ദ്ദിത ജനത തയ്യാറാവുക തന്നെ ചെയ്യും… ചരിത്രം സാക്ഷി.

നിവര്‍ത്തന പ്രക്ഷോഭത്തിലൂടെ കേരളത്തെ ഉണര്‍ത്തിയ ‘സി. കേശവന്റെ’
130-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന്
എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍..

LEAVE A REPLY

Please enter your comment!
Please enter your name here