വെള്ളാപ്പള്ളിയോട് !
അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്?

0


കേരളത്തിലെ ന്യൂനപക്ഷങ്ങൾ അന്യായമായി അധികാരത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഭൂരിപക്ഷത്തിൻ്റെ പൊതുസ്വത്ത് കവർന്നെടുക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേഷൻ്റെ പ്രസ്ഥാവന ഭ്രാന്തൻ ജ്വൽപനങ്ങളാണ്. ബോധാവസ്ഥ ലഭ്യമാകുന്നുവെങ്കിൽ അതിനദ്ധേഹം വിശദീകരണം നൽകുകയും പരസ്യ ചർച്ചക്ക് തയ്യാറാവുകയും വേണം. RSS ൻ്റെ താല്പര്യത്തിനനുസരിച്ച് പാർട്ടിയുണ്ടാക്കി മകനെ NDA കൺവീനറാക്കി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മാത്രം വിജയം വരിച്ചതിലൂടെ ശ്രീനാരായണീയ സമൂഹത്തിനിടയിൽ തൻ്റെ സ്വാധീനം ബോധ്യപ്പെട്ട വെള്ളാപ്പള്ളി ആരാൻ്റെ നേരെ ആക്ഷേപം ചൊരിയുന്നതിന് പകരം തൻ്റെ കയ്യിലിരുപ്പിനെയാണ് പഴിക്കേണ്ടത്.

നിലവിലെ കേരള മന്ത്രിസഭാ അംഗങ്ങളുടെ പേരും ജാതിയും പരിശോധിച്ചാൽ മനസ്സിലാകും അന്യായമായ ന്യൂനപക്ഷ സ്വാധീനത്തിന്റെ അളവ് എത്രയുണ്ടെന്ന് . കഴിഞ്ഞ കാല മന്ത്രിസഭയിലെ മുഖ്യ മന്ത്രിമാർ ഉൾപ്പെടെയുള്ള പട്ടിക പരിശോധിച്ചാൽ അത് കൂടുതൽ ബോധ്യം വരും.

കേരളത്തിലെ ഡിജിപിമാർ, വൈസ്ചാൻസലർമാർ, തുടങ്ങി അധികാരത്തിൻ്റെ നിർണായക സ്ഥാനങ്ങളിൽ പലതിലും മുസ്ലിം പേര് പോലും കണ്ടെത്താൻ കഴിയാത്ത ചരിത്രമാണ് കേരളത്തിലുള്ളത്. ജാതി തിരിച്ച് ഉദ്യോഗസ്ഥരുടെ കണക്കെടുത്താൽ കാര്യങ്ങൾ കൂടുതൽ ബോധ്യം വരും.

കേരളത്തിൻറെ ഭൂമി ഉൾപ്പെടെയുള്ള പൊതു സ്വത്ത് ആരുടെ കൈവശമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാവും.
കണ്ണായ പട്ടണങ്ങൾ ഉൾപ്പെടെ കയ്യടക്കി വെച്ചിരിക്കുന്നവരുടെ ജാതി-മത ലേബലുകൾ തിരിച്ചറിയുന്നതിന് കൂടുതൽ ഗവേഷണം നടത്തേണ്ടതില്ല. കേരളത്തിൻറെ അടിസ്ഥാന ജനവിഭാഗമായ കർഷക സമൂഹത്തെ കുടിയിറക്കി ഭൂമിയിൽ അനധികൃതമായി ആധിപത്യം സ്ഥാപിച്ച ജന്മിമാർ ഏത് വിഭാഗമാണ് എന്ന് ലേബലൊട്ടിക്കേണ്ടതില്ലല്ലോ ?

സ്ഥാപനങ്ങൾ നടത്താനെന്ന പേരിൽ വെള്ളാപ്പള്ളി നടേശൻ കുടുംബ ട്രസ്റ്റിന്റെ പേരിലുൾപ്പടെ ഏക്കറുകണക്കിന് ഭൂമികൾ കൈയ്യടക്കി വയ്ക്കുമ്പോൾ കേരളത്തിലെവിടെയും സർക്കാർ ഭൂമിയിൽ മുസ്ലീം സമുദായം നടത്തുന്ന ഒരു എൽ.പി സ്കൂൾ പോലും പ്രവർത്തിക്കുന്നില്ല.

താങ്കൾ പറയുന്ന ഭൂരിപക്ഷ സമുദായം ആരാണ്..?
ക്ഷേത്രങ്ങളിൽ പൂജാരിയാകാൻപോലും യോഗ്യത നിഷേധിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗക്കരും ചാതുർവർണ്ണ്യ വ്യവസ്ഥിതി കൊണ്ട് മനുഷ്യരെ വേട്ടയാടിയവരും ആ ഭൂരിപക്ഷത്തിന്റെ പട്ടികയിലാണ്. വേട്ടക്കാരെയും ഇരകളെയും ഒരു പക്ഷത്ത് നിർത്തിക്കൊണ്ട് മറ്റൊരു വിഭാഗത്തിനെതിരെ വൈകാരിക പ്രയോഗം നടത്തുന്നത് ചില സങ്കുചിത താൽപര്യത്തിന്റെ പേരിൽ മാത്രമല്ലേ ? വർണ്ണാശ്രമ വ്യവസ്ഥിതിയിലൂടെ ജാതികളും ഉപജാതികളും സൃഷ്ടിച്ചത് ന്യൂനപക്ഷങ്ങളാണോ ? വഴിനടക്കാനും അക്ഷരം പഠിക്കാനും അവകാശം നിഷേധിച്ച ക്രൂരന്മാർ ഈ ഭൂരിപക്ഷത്തിന്റെ പട്ടികയിൽ എങ്ങനെയാണ് ഉൾപ്പെടുന്നത്.
മാറു മറയ്ക്കുന്നതിന് വേണ്ടി ‘ചാന്നാർ ലഹള’ നടത്തിയ ഇരകളാക്കപ്പെട്ട ജനവിഭാഗവും അവരുടെ വേട്ടക്കാരും ഒരു സമുദായം ആകുന്നത് എങ്ങനെയാണ്..? ഡോക്ടർ പൽപ്പുവിൻറെ സമുദായത്തിന് സർക്കാർ ഉദ്യോഗം നിഷേധിച്ചവരും ഈ ഭൂരിപക്ഷ സമുദായത്തിൽ തന്നെയാണോ ? ആരാധനാസ്വാതന്ത്ര്യവും താന്ത്രികവേലകളും ചിലർക്ക് മാത്രം നിഷേധിക്കുന്ന ആ നിഷേധികളും ഈ നിഷേധിക്കപ്പെട്ടവരോടൊപ്പം ഭൂരിപക്ഷ സമുദായത്തിൽ തന്നെയാണ്. അവർണ്ണ കേരളത്തിന്റെ അഭിമാനമായ ആർ. ശങ്കറെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്ത് അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തിൽ നിന്ന് താഴെ ഇറക്കാൻ വേണ്ടി കഠിനാധ്വാനം നടത്തിയ ജാതി മേധാവിത്ത്വ ശക്തികളും ശങ്കറിന്റെ സാമൂഹ്യ വിഭാഗത്തോടൊപ്പം തന്നെ ഭൂരിപക്ഷ സമൂഹമാണോ ? പുലയൻ മന്ത്രിയായ നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് ആരാണെന്ന ബോധ്യമുണ്ടല്ലോ താങ്കൾക്ക്. ഈഴവർ പന്നി പെറ്റ് പെരുകിയവരാണെന്നും അവർക്ക് സഞ്ചാരസ്വാതന്ത്രവും ക്ഷേത്ര പ്രവേശനാനുമതിയും നൽകിയത് പിൻവലിക്കണമെന്നും പറഞ്ഞതും വെള്ളാപ്പള്ളി പറയുന്ന ഭൂരിപക്ഷത്തിൻ്റെ ആളുകൾ തന്നെയായിരുന്നില്ലേ ?
താങ്കൾ നിരന്തരം പറയുന്ന നായാടി മുതൽ നമ്പൂതിരി വരെയുള്ള ജനവിഭാഗത്തിന്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നത് മനുസ്മൃതി ഉൾപ്പെടെയുള്ള മാനുഷികത തൊട്ട് തീണ്ടാത്ത ആത്മീയ ധാരകളുമല്ലേ. അതിന് ന്യൂനപക്ഷങ്ങളെ പഴിച്ചിട്ട് കാര്യമുണ്ടോ ? താങ്കൾ വരികൾക്കിടയിൽ പറഞ്ഞ ഒരു സത്യമുണ്ട്. കേരളത്തിലെ മുസ്ലിം ഭൂരിപക്ഷവും പിന്നാക്ക ജാതിയിൽ നിന്നും മതം മാറിയവരാണ്. അതെ, കേരളത്തിൽ സവർണ്ണ പീഡനങ്ങൾക്കിരകളാക്കപ്പെട്ട ജനവിഭാഗം ഇസ്‌ലാമിലൂടെ വിമോചനം കണ്ടെത്തിയിട്ടുണ്ട്, അതൊരു ചരിത്ര സത്യമാണ്. ചിലർ ക്രൈസ്തവരായി മാറിയിട്ടുണ്ട്, അതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇസ്ലാമിലേക്കുൾപ്പെടെ മതം മാറി വിമോചനം കണ്ടെത്തിയ ഈ പിന്നാക്ക ജനവിഭാഗത്തിന്റെ രക്തബന്ധുക്കളായ കേരളത്തിലെ മുസ്ലിം സമുദായം ഉൾപ്പെടെയുള്ള ഈ രാജ്യത്തിന്റെ അവർണ്ണ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച് ആർജ്ജവത്തോടെ പറയാൻ അങ്ങേയ്ക്ക് കഴിയേണ്ടതില്ലേ ? ആ രക്തബന്ധുക്കളും സ്വദേശികളുമായ അവർണ്ണ ജനവിഭാഗം തന്നെയല്ലേ കേരളത്തിന്റെ, ഇന്ത്യയുടെ ഭൂരിപക്ഷം ജനത എന്ന് പറയുന്നത്. അടിസ്ഥാന ഭൂരിപക്ഷത്തിന്റെ ഐക്യത്തിൽ ആശങ്കപ്പെടുന്നവർ നിർമ്മിച്ച് വിടുന്ന പരമത വിദ്വേഷത്തിന്റെ പ്രചാരകരായി മാറുന്നതിന് പകരം കേരളീയ പൊതുസമൂഹത്തിൻറെ ചരിത്രപരമായ ഐക്യത്തിനും സാമൂഹ്യനീതിക്കും സൗഹൃദബോധത്തോടെ നായകത്വം വഹിക്കേണ്ട ഉത്തരവാദിത്വം താങ്കൾ ഉൾപ്പെടെയുള്ളവർക്കില്ലേ ? ആ സത്യത്തോടൊപ്പം നിൽക്കാതിരിക്കാൻ സ്വാർത്ഥമോഹങ്ങൾക്കപ്പുറത്ത് എന്തെങ്കിലും ന്യായം പങ്കുവയ്ക്കാനുണ്ടോ. ചരിത്ര യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് അധിവൈകാരികമായി പടച്ചുവിടുന്ന പ്രലോഭനങ്ങളുടെ പ്രയോഗങ്ങൾ കേരളീയ പൊതുമണ്ഡലത്തിന്റെ ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതില്ലേ ? അതെ, അവർണ്ണ സമൂഹം തന്നെയാണ് അടിസ്ഥാന ഭൂരിപക്ഷം എന്ന് പറയുന്നത്. ജനാധിപത്യപരമായി അവർ ഒരുമയോടെ നിൽക്കലാണ് രാജ്യവും സമൂഹവും കാത്തിരിക്കുന്നത്. അത് തന്നെയാണ് ശരിയുടെയും നീതിയുടെയും മാർഗം. അത് തന്നെയാകണം ഉത്തരവാദിത്വമുള്ളവന്റെ പൊതുപ്രവർത്തനത്തിന്റെ താല്പര്യവും ലക്ഷ്യവും. അതെ, അവർണ സമൂഹം തന്നെയാണ് അടിസ്ഥാന ഭൂരിപക്ഷം എന്ന് പറയുന്നത്. ജനാധിപത്യപരമായി അവർ ഒരുമയോടെ നിൽക്കലാണ് രാജ്യവും സമൂഹവും കാത്തിരിക്കുന്നത്. അത് തന്നെയാണ് ശരിയുടെയും നീതിയുടെയും മാർഗ്ഗം. അത് തന്നെയാകണം ഉത്തരവാദിത്വമുള്ളവന്റെ പൊതുപ്രവർത്തനത്തിന്റെ താല്പര്യവും ലക്ഷ്യവും. അതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാട് പലപ്പോഴും ആവർത്തിക്കുന്ന വെള്ളാപ്പള്ളിയെ മേൽപറയപ്പെട്ട വിഷയങ്ങളിൽ പൊതുചർച്ചയ്ക്ക് വേണ്ടി ഒരിക്കൽ കൂടി ക്ഷണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here