ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നേതൃത്വത്തിൽ രൂപം കൊണ്ട പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയൻസിലേക്ക് (PDA) ചേരാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നീക്കങ്ങളാരംഭിച്ചു. ഇതു സംബന്ധിച്ച് ഡൽഹി കേന്ദ്രീകരിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI), പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (JAP), ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി(ASP) എന്നീ പാർട്ടികൾ ചേർന്ന് കഴിഞ്ഞ ദിവസം പാറ്റ്നയിൽ വെച്ചാണ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിൽ തിരഞ്ഞെടുപ്പ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സംഘപരിവാറിനെതിരെയുള്ള വിശാല ദലിത്-മുസ്ലിം ഐക്യ മുന്നണി രൂപപ്പെട്ടത് വൻ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഈ മുന്നണിക്ക് ബിഹാർ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനമാവാൻ കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
ഇതേ തുടർന്നാണ് മുസ്ലിം ലീഗും മുന്നണിയുടെ ഭാഗമാവാൻ സന്നദ്ധത അറിയിച്ച് മുന്നണി നേതൃത്വവുമായി ബന്ധപ്പെട്ടത്. കേരളത്തിനു പുറത്ത് എവിടെയും മുസ്ലിം ലീഗിനെ രാഷ്ട്രീയ പങ്കാളിയാക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവാത്തതും ലീഗ് നേതൃത്വത്തെക്കൊണ്ട് ഇങ്ങനെയൊരു നീക്കത്തിനു പ്രേരിപ്പിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് ദേശീയ നേതൃത്വം ഇതിനു പച്ചക്കൊടി വീശിക്കഴിഞ്ഞു. സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപിയുടെ നിർദേശ പ്രകാരം മുസ്ലിം ലീഗ് ബീഹാർ നേതൃത്വം ഡൽഹിയിൽ വെച്ച് ആദ്യഘട്ട ചർച്ചകൾ പൂർത്തീകരിച്ചു കഴിഞ്ഞു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പാറ്റ്നയിൽ വെച്ച് നടന്ന മുന്നണി പ്രഖ്യാപന പത്രസമ്മേളനത്തിൽ JAP ദേശീയ അധ്യക്ഷൻ പപ്പു യാദവ്, SDPI ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ ഷറഫുദ്ധീൻ, ASP ദേശീയ അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, SDPI ദേശീയ സെക്രട്ടറി ഡോ തസ്ലീം റഹ്മാനി എന്നിവർ പങ്കെടുത്തു.