കോഴിക്കോട്: (www.k-onenews.in) കേരളത്തില്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്ര ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപത്തിനുള്ള മുന്നൊരുക്കമാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന് തടയിടാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക. സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള ചെന്നായയുടെ റോളാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. സുരേന്ദ്രനേയും മറ്റു ബിജെപി നേതാക്കളെയും ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിച്ച് സവര്‍ണ വിഭാഗങ്ങളെ ബിജെപിയുടെ നിഴലിലാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ബിജെപി പയറ്റുന്നത്. വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോഡ് നിന്നും തുടങ്ങിവച്ച വിദ്വേഷ പ്രചാരണം മറ്റു നേതാക്കളും ഏറ്റുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും വര്‍ഗീയത പറഞ്ഞുള്ള വിദ്വേഷപ്രസംഗമാണ് നടത്തിയത്. ഏറ്റവും വലിയ വര്‍ഗീയത പറയുന്നവരുടെ മത്സര വേദിയായി മാറുകയാണ് ബിജെപി യാത്രയുടെ സ്വീകരണ വേദികള്‍.

സമാനമായ വര്‍ഗീയ പ്രചാരണം നടത്തിയാണ് ഉത്തരേന്ത്യയില്‍ ആര്‍എസ്എസ് കലാപങ്ങള്‍ നടത്തുന്നത്. സമാന രീതിയില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണം കേരളത്തിലും ആവര്‍ത്തിക്കാനുള്ള നീക്കത്തെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. വിദ്വേഷ പ്രചാരണം അതിരുകടന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ തുടരുന്ന മൗനം ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമാണ്. ആര്‍എസ്എസുമായി രഹസ്യബന്ധമുണ്ടാക്കിയും അധികാരം നിലനിര്‍ത്തുക എന്ന ദുഷ്ടലാക്കാണ് സിപിഎമ്മിനുള്ളത്. സമാനതകളിലാത്ത വര്‍ഗീയ വിഷം ചീറ്റിയിട്ടും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്ഗ്രസ് ഉല്‍പ്പടെയുള്ളവരും മൗനത്തിലാണുള്ളത്. അപകടകരമായ മൗനം വെടിഞ്ഞ് ഈ വിപത്തിനെതിരെ പ്രതികരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാകണം.

മുസ്ലിം വിരുദ്ധ വിദ്വേഷം ആളിക്കത്തിച്ച് വികാരജീവികളായ ആര്‍എസ്എസ് ക്രിമിനലുകളെ കയരൂരി വിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം വയലാറിലും ചേര്‍ത്തലയിലും പറവൂരിലും കണ്ടത്. ഏകപക്ഷീയമായ കലാപങ്ങളുടെ കാലം കഴിഞ്ഞെന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ആര്‍എസ്എസിന്റെ വര്‍ഗീയ അക്രമങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കുവാനും ജനകീയമായി ചെറുക്കുവാനും കേരളത്തിന്റെ മണ്ണ് പാകപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് നല്ലതാണ്.

യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള വിദ്വേഷ പ്രസംഗര്‍ക്ക് എതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here