ബെംഗളൂരു: (www.k-onenews.in) ലിംഗായത്ത്, കുറുബാസ്, വൊക്കലിഗ തുടങ്ങി ഏത് ഹിന്ദു സമുദായത്തിൽപ്പെട്ടവർക്കും പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്നും എന്നാൽ മുസ്ലിങ്ങൾക്ക് ഒരിക്കലും ടിക്കറ്റ് നൽകില്ലെന്നും ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ.

‘ഹിന്ദുക്കളിലെ ഏത് സമുദായത്തിൽപ്പെട്ടവർക്കും ഞങ്ങൾ പാർട്ടി ടിക്കറ്റ് നൽകിയേക്കാം. ലിംഗായത്തുകൾ, കുറുബകൾ, വൊക്കാലിഗ, അല്ലെങ്കിൽ ബ്രാഹ്മണർ അങ്ങനെ ആർക്കും നൽകാം. പക്ഷേ തീർച്ചയായും മുസ്ലിങ്ങൾക്ക് നൽകില്ല’. കർണാടക ഗ്രാമവികസന മന്ത്രിയായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.

വരാനിരിക്കുന്ന ബെലഗാവി ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെലഗാവി ഹിന്ദുത്വ മേഖയാണ്. ഹിന്ദു സമുദായങ്ങളിൽപ്പെട്ട ആർക്കും തങ്ങൾ ഈ സീറ്റ് നൽകിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കഡി പ്രതിനിധീകരിച്ച മണ്ഡലമാണ് ബെലഗാവി. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സുരേഷ് അങ്കഡി മരിച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

ഈശ്വരപ്പ നേരത്തെയും സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു. പാർട്ടിയിൽ വിശ്വാസമില്ലാത്തതിനാൽ മുസ്ലീങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകില്ലെന്ന് കഴിഞ്ഞ ഏപ്രിലിൽ ഈശ്വരപ്പ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here