ബംഗളൂരു: (www.k-onenews.in) അങ്ങനെ ഒരു നാടകം കൂടി അരങ്ങേറി. കഥയിലെ നായകനും വില്ലനുമൊക്കെ ഒരാളാണ്. സൂത്രധാരനെക്കുറിച്ചും ആർക്കു സംശയമേതുമില്ല. ബംഗളുരു വിമാനത്താവളമായിരുന്നു നാടകവേദി. കോടികളുടെ ബാങ്ക് തട്ടിപ്പ് കേസിൽ യുഎഇ തേടുന്ന ഇന്ത്യൻ വ്യവസായി ബി ആർ ഷെട്ടിയാണ് നാടകം അവതരിപ്പിച്ചത്. ചരടുവലിച്ചത് ഷെട്ടിയുടെ കോടികളുടെ പങ്കുപറ്റിക്കൊണ്ടിരിക്കുന്ന ദേശീയ പാർട്ടിയും.

6 ബില്യൺ ഡോളറിലേറെ യുഎഇ ബാങ്കുകളിൽ നിന്ന് വെട്ടിച്ച ക്രിമിനൽ കേസിലെ പ്രതിയായ ബി ആർ ഷെട്ടി യുഎഇ നിയമസംവിധാനത്തിൽ വിശ്വാസമർപ്പിച്ചു അവിടേക്കു പോവാനൊരുങ്ങുന്നു എന്നതായിരുന്നു ആദ്യ വെടി. ഇതിനു തൊട്ടുപിന്നാലെ ഇത്തിഹാദ് വിമാനത്തിൽ യുഎഇയിലേക്ക് പോവാനെത്തിയ ഷെട്ടിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു എന്ന വാർത്തയെത്തി. എന്നാൽ ഷെട്ടിയോടൊപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടിയെ യുഎഇയിലേക്ക് പോവാൻ അനുവദിക്കുകയും ചെയ്തു.

ഷെട്ടിയുടെ ഈ യാത്ര ഒന്നാന്തരം നാടകമായിരുന്നുവെന്ന് സംശയിക്കുന്നതിന് അനേകകാരണങ്ങളുണ്ട്. തനിക്കെതിരേ എടുത്തിരിക്കുന്ന ക്രിമിനൽ കേസ് അവഗണിച്ച് യുഎഇയിൽ പറന്നിറങ്ങുന്ന ബിആർ ഷെട്ടിയുടെ കൈയിൽ വിമാനത്താവളത്തിൽ വച്ച് വിലങ്ങുവീഴുമെന്നത് ഒരു വസ്തുത. യാത്ര മുടക്കാൻ തക്ക കേസുകളൊന്നും ഇന്ത്യയിൽ ഷെട്ടിക്കെതിരേ ഇല്ലെന്നത് രണ്ടാമത്തെ കാര്യം. ഷെട്ടിയുടെ യാത്ര തടസ്സപ്പെടുത്തുന്നതിന് തക്കതായ ഒരു കാരണവും ഇമിഗ്രേഷൻ വെളിപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. യുഎഇയിലേക്ക് മടങ്ങാന് താന് സന്നദ്ധനാണെന്നു പ്രഖ്യാപിക്കുകയും ഇതിനു ഇമിഗ്രേഷന് തടസ്സം നില്ക്കുന്നുവെന്ന് മാലോകരെ വിശ്വസിപ്പിക്കാന് കൂടിയായിരുന്നു ഈ നാടകം.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അടുത്തയാളാണ് ഷെട്ടിയെന്നത് പരസ്യമായ രഹസ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്ക് വോട്ടഭ്യർഥിച്ച് ബിആർ ഷെട്ടി രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രതീരുമാനത്തിനു പിന്നാലെ ലഡാക്കിൽ അനേക ഏക്കർ ഭൂമി വാങ്ങാനൊരുങ്ങുന്നതിനിടെയാണ് ബിആർ ഷെട്ടിക്കെതിരേ യുഎഇയിൽ നിയമ നടപടികളുണ്ടായത്.

എന്നാൽ ഇതിനു മുമ്പ് തന്നെ ഇന്ത്യയിലേക്ക് കടന്ന ഷെട്ടി അറസ്റ്റിനെ പ്രതിരോധിച്ചു. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് കടന്നിരുന്നു. 


ബിജെപിക്ക് അകമഴിഞ്ഞ് സാമ്പത്തിക പിന്തുണ നൽകി വരുന്ന തന്നെ കേന്ദ്രസർക്കാർ കൈവിടില്ലെന്നത് ബി ആർ ഷെട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന സംഗതിയാണ്. യുഎഇയുമായി മികച്ച ബന്ധം പുലർത്തുന്ന മോദി സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരായ യുഎഇയിലെ നിയമക്കുരുക്കുകൾ അഴിക്കാനുള്ള ശ്രമവും കഴിഞ്ഞമാസം ഷെട്ടി തുടങ്ങിവച്ചിരുന്നു. എൻഎംസി ഹെൽത്തിലെയും ഫിനാബ്ലറിലെയും സിഇഒമാരായിരുന്ന സഹോദരങ്ങളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും അടക്കമുള്ളവരുടെ ബാങ്ക് തട്ടിപ്പിലെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയായിരുന്നു ഈ നീക്കം.

തട്ടിപ്പിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് സ്ഥാപിച്ച് യുഎഇയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് ഷെട്ടി കഴിഞ്ഞദിവസം യുഎഇ മാധ്യമത്തിനു നൽകിയ അഭിമുഖം വ്യക്തമാക്കുന്നു.

പതിറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിൽ നിന്ന് കടൽകടന്ന് യുഎഇയിലെത്തി ഒരു സാദാ മെഡിക്കൽ റപ്രസന്റേറ്റീവിൽ നിന്ന് ചതിയിലൂടെ ശതകോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു ബി ആർ ഷെട്ടി

എൻഎംസി ഹെൽത്ത് എന്ന യുഎഇയിലെ ആരോഗ്യപരിചരണ ശൃംഖലയുടെ അധിപനായ ബിആർ ഷെട്ടി ഫിനാബ്ലറെന്ന ധനവിനിമയ സ്ഥാപനവും തന്റെ നേട്ടത്തിന്റെ പട്ടികയിൽ അലങ്കരിച്ചിരുന്നു. ആസ്തി പെരുപ്പിച്ചുകാട്ടി എൻഎംസി ഹെൽത്ത് നടത്തിയ തട്ടിപ്പ് മഡി വാട്ടർ എന്ന അമേരിക്കൻ അക്കൗണ്ടിങ് സ്ഥാപനം പൊളിച്ചടുക്കിയതോടെയാണ് ഷെട്ടിയുടെ പതനം ആരംഭിച്ചത്. കള്ളി പൊളിഞ്ഞതോടെ ഷെട്ടിയുടെ കമ്പനികൾക്ക്  ബില്യൻകണക്കിനു ഡോളറുകൾ വായ്പ നൽകിയിരുന്ന യുഎഇ ബാങ്കുകൾ പണം തിരിച്ചുകിട്ടുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here