
ബംഗളുരു: (www.k-onenews.in) കോടിക്കണക്കിനു രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ബിആർ ഷെട്ടി യുഎഇയിലേക്ക് മടങ്ങാനെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞു. ബംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗമാണ് ബിആർ ഷെട്ടിയെ തടഞ്ഞത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇത്തിഹാദ് വിമാനത്തിലായിരുന്നു ബി ആർ ഷെട്ടി തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത യുഎഇയിലേക്ക് മടങ്ങാൻ ശ്രമിച്ചത്.
യുഎഇ നീതിന്യായവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും ഉടൻ യുഎഇയിലേക്ക് മടങ്ങിവരുമെന്നും ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ശേഷം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു എമിഗ്രേഷൻ വിഭാഗം ബിആർ ഷെട്ടിയെ തടഞ്ഞത്. അതേസമയം, ഷെട്ടിയോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടിയെ അധികൃതർ യാത്ര ചെയ്യാൻ അനുവദിച്ചു.
ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള നിരവധി ഇന്ത്യൻ ബാങ്കുകൾക്ക് നൽകാനുള്ള വായ്പതുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ബി ആർ ഷെട്ടിക്കെതിരേ നൽകിയ കേസുകളാണ് യാത്ര മുടക്കാൻ കാരണമായതെന്നാണ് റിപോർട്ടുകൾ. ഷെട്ടിയുടെ ഇന്ത്യയിലെ സ്വത്തുവകകൾ വിൽക്കുന്നതിന് കോടതി നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.