തിരുവനന്തപുരം:(www.k-onenews. In)കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ആഞ്ഞു പരിശ്രമിക്കുകയാണ്. പരസ്പര സ്നേഹത്തോടും സഹവർത്തിത്വത്തോടും കഴിയുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ചേരി തിരിവുണ്ടാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം നടത്തുന്നത്.

മത വിഭാഗങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വർധിപ്പിച്ച് അതിനെ സംഘർഷമാക്കി മാറ്റി അതിലൂടെ തിരഞ്ഞെടുപ്പ് വിജയം കൈവരിക്കാം എന്ന ആഗ്രഹമാണ് ഇടതുപക്ഷത്തിന്റെ നീക്കങ്ങൾക്ക് പിന്നിൽ. പിണറായി വിജയൻ തുടങ്ങി വച്ച ഈ വർഗീയ പദ്ധതി ഇപ്പോൾ ആക്ടിങ് സെക്രട്ടറി വിജയരാഘവനും ഏറ്റെടുത്തിരിക്കുകയാണ്.

ബി.ജെ.പിയെ ശക്തിപ്പെടുത്തി അതിലൂടെ കോൺഗ്രസിനേയും യു.ഡി.എഫിനെയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധിയാണ് സി.പി.എമ്മിനെ മുന്നോട്ടു നയിക്കുന്നത്. നാലു വോട്ടിനു വേണ്ടിയുള്ള ഈ ഹീന തന്ത്രം കേരള സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന കാര്യം മുഖ്യമന്ത്രിയും കൂട്ടരും ബോധപൂർവം വിസ്മരിക്കുകയാണ്.

മധ്യകേരളത്തിൽ ബി.ജെ.പിയുമായി പരസ്യവും രഹസ്യവുമായ ധാരണ ഉണ്ടാക്കിയിരിക്കുകയാണ് സി.പി.എം. നൂറിലധികം വാർഡുകളിലാണ് ബി.ജെ.പി – സി.പി.എം-
എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉണ്ടായത്. ഈ വർഗ്ഗീയ കൂട്ടുകെട്ട് കേരളത്തിന്റെ മതേതര അടിത്തറയെ ഇല്ലാതാക്കും.

ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സി.പി.എം തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തിലും മറ്റും ബി.ജെ.പിക്ക് മുന്നിൽ നിന്നു പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവസരം നൽകുകയായിരുന്നു സി.പി.എം. മെഡിക്കൽ കോഴയിൽ മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് പുറത്തിറങ്ങി നടക്കാൻ അവസരം ഒരുക്കിക്കൊടുത്തത് അവരുടെ ഓഫിസ് ആക്രമിച്ചുകൊണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ജയം മാത്രം മുന്നിൽ കണ്ട് വിഭാഗീയതയും വർഗീയതയും ഇളക്കിവിട്ടു കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് സി.പി.എം ഉടൻ പിന്തിരിയണം.

LEAVE A REPLY

Please enter your comment!
Please enter your name here