നിയമപോരാട്ടം ഫലം കണ്ടു; യൂണിറ്റി ഹൗസില്‍നിന്നും കൊണ്ടുപോയ ദേശീയപതാകയും പോപുലര്‍ഫ്രണ്ട് പതാകയും കോടതി തിരികെ നല്‍കി

0

കോഴിക്കോട്:  (www.k-onenews.in) യൂണിറ്റി ഹൗസില്‍ നിന്ന് പോലിസ് എടുത്തുകൊണ്ടുപോയ ദേശീയ പതാകയും പോപുലര്‍ ഫ്രണ്ട് പതാകയും പതിനൊന്നര വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി തിരികെ നല്‍കി. 2010 ജൂലൈ 13ന് ഉച്ചക്ക് 12 മണിയോടെയാണ് വന്‍ പോലിസ് സംഘം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ആസ്ഥാനമായ കോഴിക്കോട് രാജാജി റോഡിലെ യൂണിറ്റി ഹൗസില്‍ പരിശോധന നടത്താന്‍ എത്തുന്നത്. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പോലിസ് നടത്തിയ ഭീകരമായ പോപുലര്‍ ഫ്രണ്ട് വേട്ടയുടെ ഭാഗമായാണ് യൂണിറ്റി ഹൗസിലും പരിശോധന നടത്തിയത്.

കേരളം മുഴുവന്‍ ഒട്ടിച്ച പോസ്റ്ററുകളുടെ കോപ്പിയും വിതരണം ചെയ്ത നോട്ടീസുകളുമായിരുന്നു പ്രധാനമായും അന്ന് പോലിസ് കൊണ്ടുപോയത്. സംസ്ഥാന പ്രസിഡന്റിന്റെ റൂമില്‍ വെച്ചിരുന്ന ദേശീയപതാകയും സംഘടനാ പതാകയും കൂട്ടത്തില്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു. ദേശീയ പതാകയെ അപമാനിച്ചുവെന്ന പേരില്‍ സംസ്ഥാന പ്രസിഡന്റിന്റെയും ഓഫീസ് സെക്രട്ടറിയുടെയും കെട്ടിട ഉടമകളുടെയും പേരില്‍ കേസെടുത്തു. മൂന്ന് വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 2015 നവംബര്‍ 20ന് കേസില്‍ തീര്‍പ്പ് കല്‍പിച്ചു. ദേശീയ പതാകയെ അപമാനിച്ചതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട് കസബ പോലിസ് പ്രതിചേര്‍ത്ത അഞ്ചുപേരെയും കുറ്റവിമുക്തമാക്കി.

മുസ്ലിംങ്ങള്‍ ദേശീയപതാക വയ്ക്കുന്നതിനെതിരെ കേസെടുക്കുന്നതിലൂടെ അവരെ ഭീകരവല്‍ക്കരിക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായത്. കേസില്‍ തീര്‍പ്പ് കല്‍പിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് കോടതിയില്‍ നിന്ന് ഇരുപതാകകളും തിരിച്ചുകിട്ടുന്നത്.
പോപുലര്‍ ഫ്രണ്ട് നേതൃത്വവും പ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം കുറ്റവിമുക്തരാക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്റും നിലവിലെ ദേശീയ സെക്രട്ടറിയുമായ നസറുദ്ദീന്‍ എളമരം വ്യക്തമാക്കി. കോടതി തിരികെ നല്‍കിയ പതാകകള്‍ നിലവിലെ സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറി. സ്വാതന്ത്ര്യ ചിന്തയുണര്‍ത്തുന്ന ദേശീയ പതാകയും സ്വാതന്ത്ര്യത്തിന് കാവലിരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു മുന്നേറ്റത്തിന്റെ പതാകയും കൂടുതല്‍ തെളിച്ചതോടെ പുതിയ യൂണിറ്റി ഹൗസിന് അലങ്കാരമാവുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here