വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ ഇല്ലെന്ന ആകുലത ഇനി വേണ്ട; 14 ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

0

തിരുവനന്തപുരം: (www.k-onenews.in) കേരളത്തിലെ 14 വിദ്യാഭ്യാസ  ഡപ്യൂട്ടീ ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ,എ ഇ ഒ  ആഫീസുകളിലേയും  സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രക്ഷകർത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ഓഫീസുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം വിവിധ എം.എൽ.എമാർ, രാഷ്ട്രീയ പ്രമുഖർ, തദ്ദേശ സ്വയംഭരണ മേധാവികൾ തുടങ്ങിയവർ ഇന്ന് (30-12-2021 വ്യാഴം) നിർവ്വഹിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം  (30-12-2021 വ്യാഴം) രാവിലെ 9.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം വിദ്യാഭ്യാസ ഡപ്യൂട്ടീ ഡയക്ടറേറ്റിൽ നിർവ്വഹിക്കും .

സംസ്ഥാനത്തെ പ്രൈമറി, സെക്കൻ്ററി, ഹയർ സെക്കൻ്ററി സ്കൂളുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം ജനുവരി 15ന് മുൻപ് പൂർത്തിയാക്കി നിലവിലെ ടെലിഫോൺ നമ്പരുകൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്ധ്യോഗിക വെബ്സൈറ്റ്  വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന്നേരത്തെ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയെ തുടർന്നാണ് ഉത്തരവിറക്കിയത്.

പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.
ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ചുമതല ഉത്തരവ് വഴി നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രെജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഈ രെജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം.
അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. സ്കൂൾ/ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്.

ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തേണ്ടതാണ്. ഈ ഉദ്യോഗസ്ഥന്റെ പേരു വിവരം ഫോൺ നമ്പർ സഹിതം ജില്ലാതലത്തിൽ ക്രോഡീകരിച്ച് ഒ&എം സെക്ഷനിലേക്ക് നൽകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here