കുഴൽപ്പണക്കടത്തും കള്ളനോട്ടടിയും; പിണറായി സർക്കാർ സംരക്ഷിക്കുന്നത് രാജ്യദ്രോഹികളെ: ഇന്ത്യൻ സോഷ്യൽ ഫോറം

0
11

ജിദ്ദ:(www.k-onenews.in)സംസ്ഥാനത്തേക്ക് കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണം കടത്തിയതും വർഷങ്ങളായി തൃശൂർ കൈപ്പമംഗലത്തെ സംഘപരിവാര കേന്ദ്രത്തിൽ നിന്നുള്ള കള്ളനോട്ടടിയും വ്യക്തമായ തെളിവുകളോടെ പിടിക്കപ്പെട്ടിട്ടും ആർ.എസ്.എസ് കാരായ പ്രതികൾ യാതൊരു കൂസലുമില്ലാതെ നാട്ടിൽ വിലസുന്നത് ഇടതു സർക്കാരും സംഘപരിവാറും തമ്മിലുള്ള അന്തർധാരയും തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ സംസ്ഥാനത്തെ ജനങ്ങളോടുള്ള പരിഹാസവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. 2017 മുതൽ സംഘപരിവാര നേതാവിന്റെ നേതൃത്വത്തിൽ കള്ളനോട്ടടിക്കുന്നത് പിടിക്കപ്പെടുകയും തുടർന്നിങ്ങോളം വിവിധ സ്ഥലങ്ങളിൽ നിന്നും വീണ്ടും അതേ പ്രതികൾ തന്നെ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുമായി കേസിലകപ്പെടുകയും ചെയ്തിട്ടും എളുപ്പത്തിൽ രക്ഷപ്പെടാവുന്ന വകുപ്പുകൾ ചുമത്തി അവരെ സ്വൈരവിഹാരം നടത്താൻ സഹായിക്കുന്നത് സർക്കാരും നിയമ പാലകരിലെ ഒരു വിഭാഗവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത തകർക്കുന്നതും രാജ്യദ്രോഹപരമായ കുറ്റം ചെയ്തിട്ടും സംഘ്പരിവാരശക്തികളുടെ ഗൂഢ പ്രവൃത്തികളെ കണ്ടില്ലെന്നു നടിക്കുകയും കള്ള നോട്ടടിക്കാനുള്ള ഉപകരണങ്ങളും തൊണ്ടി സാധനങ്ങളും പുറത്തിറങ്ങിയ ഉടൻ തന്നെ വീണ്ടും പ്രതികൾക്ക് ലഭിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് ആരാണെന്നും അന്വേഷിക്കേണ്ടതുണ്ട്.

സംഘപരിവാര നേതാക്കൾ ഉൾപ്പെട്ട കൊടകരയിലെ കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണക്കടത്ത് പിണറായി വിജയൻറെ ഡൽഹി യാത്രയോടെ പ്രതികളാകേണ്ടവർ സാക്ഷികളായി ആവിയായതു പോലെ സി.പി.എം. ഭരണം നടത്തുന്ന കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകളും എങ്ങുമെത്താതെ പോകുമെന്നെതാണ് ഇരുപാർട്ടികളും തമ്മിലുള്ള “ഡീൽ” വ്യക്തമാക്കുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുതാല്പര്യം മാനിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് കേന്ദ്ര കേരള സർക്കാരുകൾ നടപ്പിലാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിൽ പോലും സംഘപരിവാര പ്രവർത്തകർ പ്രതികളാകുന്ന പ്രമാദമായ കേസുകളിലെല്ലാം കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചില ഗൂഢ ശക്തികൾ. അതിനുദാഹരണമാണ് പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രതിയായ ബി.ജെ.പി.നേതാവിനെതിരെ നിയമ നടപടിയെടുക്കാതിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യവിരുദ്ധ ശക്തികൾക്ക് അടിയറവ് പറയുകയും ദേശദ്രോഹികൾക്ക് യഥേഷ്ടം വിരാജിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയുമാണ്. സംസ്ഥാന നിയമസഭയിൽ ചരിത്രത്തിലില്ലാത്ത വിധം അക്രമം നടത്തി നാശനഷ്ടങ്ങൾ വരുത്തുകയും സഭയുടെ അന്തഃസത്തക്കു ചേരാത്ത വിധം പെരുമാറുകയും ചെയ്തവർക്കുള്ള താക്കീതാണ് ഇടതുസർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണമെന്നും യോഗം വിലയിരുത്തി.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, ഷമീർ പൂനൂർ, ഫൈസൽ പൊന്നാനി, മുഹമ്മദ് നിജ, റാസി കൊല്ലം, ഹസ്സൻ മങ്കട, അഹ്‌മദ്‌ ആനക്കയം, റാഫി ചേളാരി, ജംഷീദ്, റഫീഖ് പഴമള്ളൂർ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here