സിഡ്നി: (www.k-onenews.in) ഓസീസിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് പിഴ ശിക്ഷയും. കുറഞ്ഞ ഓവർനിരക്കിനെ തുടർന്നാണ് ടീമിനെതിരായ നടപടി.

ടീം അംഗങ്ങളെല്ലാം മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നൽകണം. അനുവദിച്ച സമയത്ത് ഇന്ത്യ ഒരു ഓവർ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്നു. ഐ.സി.സിയുടെ പുതിയ നിയമമനുസരിച്ച് നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ ഇപ്പോൾ ടീമിലെ എല്ലാ അംഗങ്ങളും പിഴയൊടുക്കണം. നേരത്തെ ക്യാപ്റ്റൻമാർക്ക് മാത്രമാണ് പിഴയിട്ടിരുന്നത്. കഴിഞ്ഞ വർഷം ടീം അംഗങ്ങൾക്കും പിഴചുമത്തുന്ന രീതിയിലേക്ക് ഐ.സി.സി ഈ നിയമം പരിഷ്കരിച്ചിരുന്നു.

സിഡ്നിയിൽ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ഡേവിഡ് ബൂൺ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഐ.സി.സിയുടെ നടപടി. നാലു മണിക്കൂറിലധികമാണ് ഓസ്ട്രേലിയൻ ഇന്നിങ്സ് പൂർത്തിയാകാൻ എടുത്തത്. കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ 50 ഓവർ മത്സരമാണ് കളിച്ചതെന്ന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സ്റ്റീവ് സ്മിത്ത് മത്സര ശേഷം പ്രതികരിച്ചിരുന്നു.

ആദ്യ ഏകദിനത്തിൽ 66 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഓസീസ് ഉയർത്തിയ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 308 റൺസെടുക്കാനേ സാധിച്ചുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here