യുവേഫ ചാംപ്യൻസ് ലീഗിൽ കിരീടനേട്ടത്തിലൂടെ ചരിത്രം കുറിക്കാനൊരുങ്ങുന്ന ഫ്രഞ്ച് ചാംപ്യൻമാരായ പിഎസ്ജിക്ക് തിരിച്ചടിയായി ഫൈനലിൽനിന്ന് സൂപ്പർതാരം നെയ്മറിനെ വിലക്കുമോ?

0
8

ലിസ്ബൺ:(www.k-onenews.in)യുവേഫ ചാംപ്യൻസ് ലീഗിൽ കിരീടനേട്ടത്തിലൂടെ ചരിത്രം കുറിക്കാനൊരുങ്ങുന്ന ഫ്രഞ്ച് ചാംപ്യൻമാരായ പിഎസ്ജിക്ക് തിരിച്ചടിയായി ഫൈനലിൽനിന്ന് സൂപ്പർതാരം നെയ്മറിനെ വിലക്കുമോ? കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച നെയ്മറിനെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽനിന്ന് വിലക്കിയേക്കുമെന്ന് വിവിധ ഇംഗ്ലിഷ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മത്സരശേഷം ലെയ്പ്സിഗ് താരം മാർസൽ ഹാൽസ്റ്റൻബെർഗുമായി ജഴ്സി കൈമാറിയതിലൂടെ താരം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് ആരോപണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി യുവേഫ പുറത്തിറക്കിയ 31 പേജുള്ള പ്രോട്ടോക്കോൾ നിർദ്ദേശങ്ങളിൽ ഇതേക്കുറിച്ചും പരാമർശമുണ്ടെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മത്സരശേഷം താരങ്ങൾ ജഴ്സി കൈമാറുന്ന പതിവിൽനിന്ന് പിന്തിരിയണ’മെന്ന് നിർദ്ദേശമുള്ളതായാണ് വ്യാഖ്യാനം. നിർദ്ദേശങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ യുവേഫയുടെ ചട്ടമനുസരിച്ച് അച്ചടക്ക നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചാംപ്യൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്ക് മാറ്റിയപ്പോൾ തന്നെ, ജഴ്സി കൈമാറുന്നത് ഉൾപ്പെടെയുള്ള പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് 12 ദിവസത്തെ ക്വാറന്റീനിൽ നിർബന്ധമാക്കുമെന്ന് വ്യക്തമാക്കിയിരുന്നതായും ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യുവേഫയുടെ ഔദ്യോഗിക പ്രോട്ടോക്കോൾ ചട്ടങ്ങളിൽ ഐസലേഷൻ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.

ഇന്നു രാത്രി നടക്കുന്ന ബയൺ മ്യൂണിച്ച് – ഒളിംപിക് ലിയോണെ രണ്ടാം സെമി വിജയികളുമായി ഞായറാഴ്ച രാത്രിയാണ് പിഎസ്ജി കലാശപ്പോരിന് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ 12 ദിവസത്തെ ക്വാറന്റീന് വിധിക്കപ്പെട്ടാൽ, ബ്രസീൽ സൂപ്പർതാരത്തിന് കളത്തിലിറങ്ങാൻ സാധിക്കാതെ വന്നേക്കാമെന്നാണ് റപ്പോർട്ട്.

അതേസമയം, ജഴ്സി കൈമാറുന്ന പതിവ് മാറ്റിവയ്ക്കണമെന്നത് ഒരു നിർദ്ദേശം മാത്രമാണെന്നും യുവേഫയുടെ ചട്ടമല്ലെന്നും മറുവിഭാഗം വാദിക്കുന്നു. ചട്ടലംഘനത്തിന് താക്കീത് ചെയ്യാമെന്നല്ലാതെ മത്സരത്തിൽനിന്ന് വിലക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കരിയറിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നിന് തയാറെടുക്കുന്ന നെയ്മറിനെ വിലക്കാൻ യൂറോപ്യൻ ഫുട്ബോൾ അധികാരികൾ തയാറാകുമോ? ആരാധകരും ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here