
ന്യൂഡൽഹി: (www.k-onenews.in) സംസ്ഥാനത്തിനുള്ളിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരൻ സുപ്രീം കോടതിയെ സമീപിച്ചു.
ഏകീകൃത ബൈലോ ഇല്ലെങ്കിൽ ലോധ കമ്മിറ്റി നിർദേശിച്ച പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കഴിയില്ല എന്ന് റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലെ ചില ഭാരവാഹികൾ രണ്ട് പതിറ്റാണ്ട് ആയി പദവികളിൽ തുടരുകയാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിൽ 12 എണ്ണത്തിലും ഈ വർഷം ഭാരവാഹി തെരെഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ആണ് ഏകീകൃത ബൈലോ വേണം എന്ന ആവശ്യവും ആയി സുപ്രീം കോടതിയിൽ ഹർജി. ലോധ സമിതി ശുപാർശ ചെയ്ത കൂളിംഗ് ഓഫ് പീരീഡ് ഇല്ലാത്തതിനാൽ ജില്ലാ അസോസിയേഷനിലെ പല ഭാരവാഹികളും വർഷങ്ങൾ ആയി പദവികളിൽ തുടരുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ കൃത്യമായ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇല്ല. നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിക്ക് ആണ് തെരഞ്ഞെടുപ്പ് ചുമതല. അതിനാൽ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കുകയാണെന്ന് സന്തോഷ് കരുണാകരൻ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
നിലവിൽ ആറ് സംസ്ഥാനങ്ങളിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ആണ്. ഈ സംവിധാനം കേരളത്തിലും ഏർപ്പെടുത്തണം എന്ന് അഭിഭാഷകരായ പൂർണിമ കൃഷ്ണ, എം.എഫ് ഫിലിപ്പ് എന്നിവർ മുഖാന്തിരം ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സന്തോഷ് കരുണാകരൻ നൽകിയ ഹർജി കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാനിലെ എത്തിക്സ് ഓഫീസർ തള്ളിയിരുന്നു.