കൊച്ചി: (www.k-onenews.in) സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എൻഐഎ. സ്വർണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ പറയുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗൺ സമയത്തെ രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം മുന്നോട്ടുവെച്ചത് ഇയാളാണെന്നും സന്ദീപ് വെളിപ്പെടുത്തി. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആറ് മൊബൈൽ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്ന സുരേഷിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതിൽ രണ്ട് മൊബൈൽ ഫോണുകൾ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇതിൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചു.
സ്വർണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതു മുതൽ ഇവർ പിടിയിലാകുന്നതിന് മുമ്പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സ്വപ്ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കസ്റ്റംസും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് എൻഐഎയുടേത്. ആദ്യമായാണ് ഇത്രയും വലിയ അളവിൽ സ്വർണം കേരളത്തിലേക്ക് കടത്തുന്നത്. 30 കിലോ സ്വർണ കടത്തിയപ്പോഴാണ് ഇവർ പിടിയിലായത്.