ചെന്നൈ: (www.k-onenews.in) ബിജെപി പ്രവേശന തീരുമാനത്തിനു പിന്നാലെ മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം അറിയിച്ച മെട്രോ മാന്‍ ഇ ശ്രീധരനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ശ്രീധരന് 88 വയസ് മാത്രമല്ലേ ആയുള്ളു എന്നും മുഖ്യമന്ത്രിയാവാൻ അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും സിദ്ധാര്‍ഥ് ട്വിറ്ററിലൂടെ പരിഹസിച്ചു.

സാങ്കേതിക വിദഗ്‌ധനായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടെയും ഇ ശ്രീധരന്‍റെയും വലിയ ആരാധകനാണ് താനെന്നും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാവാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ ചേര്‍ന്നതിലും വളരെ ആവേശഭരിതനാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ഇത് അല്‍പം പെട്ടെന്നായി പോയെന്നും സിദ്ധാർഥ് പ്രതികരിച്ചു.


സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്:

‘സാങ്കേതിക വിദഗ്‌ധനായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടെയും ഇ ശ്രീധരന്‍റെയും വലിയ ആരാധകനാണ്. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാവാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ ചേര്‍ന്നതിലും ഞാന്‍ വളരെ ആവേശഭരിതനാണ്. ഇത് അല്‍പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് വെറും 88 വയസ് മാത്രമല്ലേ ആയുള്ളു.’

കഴിഞ്ഞ ദിവസമാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ചില വിവാദ പരാമർശങ്ങൾ നടത്തിയ ഇ ശ്രീധരൻ തന്റെ ചെറിയ ആഗ്രഹവും പങ്കുവച്ചിരുന്നു. തനിക്ക് ഗവർണർ സ്ഥാനം വേണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം മതിയെന്നുമായിരുന്നു ശ്രീധരന്റെ വാദം. തന്റെ വരവിന് പിന്നാലെ ബിജെപിയിലേക്ക് ആളുകളുടെ ഒഴുക്കായിരിക്കുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

തികഞ്ഞ സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ലെന്നും പറഞ്ഞ ശ്രീധരൻ ഇറച്ചി കഴിക്കുന്നവരെ തനിക്കിഷ്ടമല്ലെന്നും പ്രതികരിച്ചിരുന്നു. മാത്രമല്ല, മുസ്ലിം വിരുദ്ധ സംഘപരിവാർ കുപ്രചരണമായ ലൗ ജിഹാദ് ഏറ്റുപിടിച്ചും ശ്രീധരൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ സൂത്ര വിദ്യയിലൂടെ വലയിലാക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും അത്തരം കാര്യങ്ങളെ എതിർക്കുമെന്നുമായിരുന്നു ശ്രീധരന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here