ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് ചരിത്ര വിജയം; ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

0
34

ബ്രിസ്ബെയ്ൻ: (www.k-onenews.in) ഇതിലും ത്രസിപ്പിക്കുന്ന മറ്റൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം ലോകം കണ്ടിട്ടുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.

ഈ വിജയത്തോടെ ബോർഡർഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിൽ 2018-19 പരമ്പരയിൽ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.

രണ്ടാമിന്നിങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റൺസെടുത്ത യുവതാരം ശുഭ്മാൻ ഗില്ലിന്റെയും പുറത്താവാതെ 89 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും 56 റൺസ് നേടിയ ചേതേശ്വർ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകൾ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകൻ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയിൽ(22 പന്തിൽ 24 റൺസ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവർക്ക് ആ വേഗം നിലനിർത്താനായില്ല.

വെറും മൂന്ന് ഓവർ് മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്സും(85) വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓർമ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിനു പത്ത് റൺസ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാർദൂൽ താക്കൂർ(2) വിജയത്തിന് മൂന്ന് റൺസ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി. വിക്കറ്റ് പോവാതെ നവ്ദീപ് സെയ്നി വാലറ്റത്തിന്റെ മാനം കാത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ടെസ്റ്റ് റൺ ചേസാണിത്

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ മാർനസ് ലബുഷെയ്നിന്റെ ബാറ്റിങ് മികവിൽ 369 റൺസെടുത്തു. 108 റൺസെടുത്ത ലബുഷെയ്നും 50 റൺസെടുത്ത നായകൻ ടിം പെയ്നും 47 റൺസെടുത്ത കാമറൂൺ ഗ്രീനും 45 റൺസ് നേടിയ മാത്യു വെയ്ഡും ഓസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി നടരാജനും വാഷിങ്ടൺ സുന്ദറും ശാർദുൽ ഠാക്കൂറും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും അവിശ്വസനീയമായി ബാറ്റുചെയ്ത ബൗളർമാരായ ശാർദുൽ ഠാക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും മികവിൽ 336 റൺസെടുത്തു. ഒരുഘട്ടത്തിൽ 186 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി ഠാക്കൂറും സുന്ദറും ചേർന്ന് എഴാം വിക്കറ്റിൽ 123 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയർത്തി. ഠാക്കൂർ 67 ഉം സുന്ദർ 62 ഉം റൺസെടുത്തു. 44 റൺസെടുത്ത രോഹിത് ശർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഓസിസിനായി ജോഷ് ഹെയ്സൽവുഡ് അഞ്ചുവിക്കറ്റ് നേടി തിളങ്ങി. കമ്മിൻസും സ്റ്റാർക്കും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

33 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഓസിസിനെ ഇന്ത്യൻ യുവബൗളർമാർ വെള്ളം കുടിപ്പിച്ചു. അഞ്ചുവിക്കറ്റുമായി തിളങ്ങിയ പേസ്ബൗളർ മുഹമ്മദ് സിറാജിന്റെ മികവിൽ ഓസിസിനെ 294 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടി. ശാർദുൽ ഠാക്കൂർ നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്സിൽ ഓസിസിനായി 55 റൺസെടുത്ത സ്റ്റീവ് സ്മിത്തിനും 48 റൺസെടുത്ത ഡേവിഡ് വാർണർക്കും മാത്രമാണ് തിളങ്ങാനായത്.


സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയർ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യൻ ബൗളർമാർ ഓസിസ് മണ്ണിൽ തിളങ്ങിയത്. സിറാജും ശാർദുലും വാഷിങ്ടൺ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിർണായക സാന്നിധ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here