സിക്‌സര്‍ മഴയില്‍ പഞ്ചാബിനെ മുക്കി രാജസ്ഥാന്‍

0

ഷാർജ: (www.k-onenews.in)
ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.

തകർപ്പൻ റൺചേസ് കണ്ട മത്സരത്തിൽ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, രാഹുൽ തെവാതിയ എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചേസാണിത്. 18 സിക്സറുകളാണ് രാജസ്ഥാൻ താരങ്ങൾ ഷാർജയിൽ അടിച്ചുകൂട്ടിയത്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റൺസിൽ ജോസ് ബട്ട്ലറെ (4) നഷ്ടമായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേർന്ന് പഞ്ചാബ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.

ജോസ് ബട്ട്ലറെ നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് – സഞ്ജു കൂട്ടുകെട്ട് 81 റൺസ് രാജസ്ഥാൻ സ്കോറിലേക്ക് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 50 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്മിത്ത് പുറത്തായ ശേഷവും തകർത്തടിച്ച സഞ്ജു 42 പന്തുകൾ നേരിട്ട് ഏഴു സിക്സും നാലു ഫോറുമടക്കം 85 റൺസെടുത്ത് 17-ാം ഓവറിലാണ് പുറത്തായത്.

അതേസമയം സ്മിത്ത് പുറത്തായ ശേഷം ഇറങ്ങിയ രാഹുൽ തെവാതിയ ആദ്യം താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് കോട്രലിന്റെ 18-ാം ഓവർ മുതൽ യഥാർഥ രൂപം പുറത്തെടുത്തു. കോട്രലിന്റെ ഓവറിലെ അഞ്ചു സിക്സടിച്ച് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന തെവാതിയ ഒടുവിൽ 31 പന്തിൽ നിന്ന് ഏഴു സിക്സർ സഹിതം 53 റൺസെടുത്താണ് മടങ്ങിയത്. മൂന്നു പന്തിൽ നിന്ന് രണ്ടു സിക്സ് സഹിതം 13 റൺസെടുത്ത ആർച്ചറും രാജസ്ഥാൻ വിജയം വേഗത്തിലാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോറിലെത്തിയത്.

“IPL: Royals defeat Kings XI Punjab by four wickets in highest run chase in IPL history” https://twitter.com/i/events/1306547521985019904?s=09

45 പന്തിൽ നിന്ന് സെഞ്ചുറി പിന്നിട്ട മായങ്ക് 50 പന്തുകളിൽ നിന്ന് ഏഴു സിക്സും 10 ഫോറുമടക്കം 106 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ 16.3 ഓവറിൽ 183 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

രാജസ്ഥാൻ ബൗളർമാരെ തുടക്കം മുതൽ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും. രാജസ്ഥാനായി പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. കൂട്ടത്തിൽ മായങ്ക് അഗർവാളായിരുന്നു ഏറ്റവും അപകടകാരി.

54 പന്തിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 69 റൺസെടുത്ത രാഹുൽ 18-ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകർത്തടിച്ച ഗ്ലെൻ മാക്സ്വെല്ലും നിക്കോളാസ് പുരനും ചേർന്നാണ് പഞ്ചാബ് സ്കോർ 223-ൽ എത്തിച്ചത്.

ഗ്ലെൻ മാക്സ്വെൽ ഒമ്പത് പന്തിൽ നിന്ന് 13 റൺസോടെയും നിക്കോളാസ് പുരൻ അഞ്ച് പന്തിൽ നിന്ന് 19 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here