കാസർഗോഡ്: (www.k-onenews.in) ജില്ലയിലെ മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലും നടക്കുന്ന കല്യാണം, മറ്റ് ചടങ്ങുകൾ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് പരമാവധി 100 പേരെ മാത്രമേ പരിപാടികളിൽ പങ്കെടുപ്പിക്കാവൂ. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന അനുമതികളുടെ വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കേണ്ടതാണ്.

മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്തുകളിലെ വാർഡ്തല ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം പൂർവാധികം ശക്തിപ്പെടുത്തും. മാഷ് പദ്ധതിയിലെ അധ്യാപകർ, സെക്ടർ മജിസ്‌ട്രേറ്റുമാർ എന്നിവരുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപന പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ നിലവിൽ അനുമതി നൽകിയിട്ടുള്ളവ ഒഴികെയുള്ള ഒരു ഉൽസവങ്ങൾക്കും അടുത്ത രണ്ട് ആഴ്ച അനുമതി നൽകാൻ പാടില്ലാത്തതാണ്. അനുമതി ലഭിച്ച കമ്മിറ്റികളുണ്ടെങ്കിൽ, ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്ന് യോഗം അറിയിച്ചു. ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം ഉറപ്പു വരുത്തി മാത്രമേ ആൾക്കാരെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ജില്ലയിലെ ബീച്ചുകൾ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും സെക്ടർ മജിസ്‌ട്രേറ്റുമാരുടെ സഹകരണത്തോടെ കേസെടുക്കാൻ നിർദേശനം നൽകി. സെക്ടർ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി എ.ഡി.എം ന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തിലൊരിക്കൽ സൂം യോഗം വിളിച്ചു ചേർക്കും.
കടകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും പൊതു ഗതാഗത വാഹനങ്ങളിലെ തൊഴിലാളികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയമാവണമെന്ന് നിർദേശിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ആർ.ടി.ഒ യും നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടിയന്തിര സാഹചര്യമായതിനാൽ ടാറ്റാ കൊവിഡ് ആശുപത്രിയിലേക്ക് സ്ഥിരം വൈദ്യുതി കണക്ഷൻ ലഭിക്കാൻ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് അണ്ടർടേക്കിംഗ് നൽകി ഫണ്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡി.എം.ഒ യോട് നിർദേശിച്ചു. പ്രസ്തുത തുക എസ്.ഡി.ആർ.എഫിൽനിന്ന് അടിയന്തിരമായി അനുവദിക്കാനായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു.
ജില്ലയിൽ രണ്ട് ദിവസങ്ങളിലായി 11000 കൊവിഡ് ടെസ്റ്റുകൾ നടത്താനാണ് സർക്കാർ നിർദേശം. നിലവിലെ സാഹചര്യത്തിൽ ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിന് പ്രയാസമില്ലെന്ന് ഡി.എം.ഒ പറഞ്ഞു. വാക്‌സിനേഷനുകളും നല്ല രീതിയിൽ മുന്നോട്ടു പോകുന്നതായി ഡി.എം.ഒ അറിയിച്ചു.
കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിക്കാനിടയുള്ളതിനാൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ സി.എഫ്.എൽ.ടി.സി അടിയന്തിരമായി പ്രവർത്തനം ആരംഭിക്കും. നീലേശ്വരം ഭാഗത്താണ് കൂടുതൽ കേസുകൾ വരുന്നത് എന്നതിനാൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ നീലേശ്വരം ക്യാമ്പസ് (പാലാത്തടം) കൂടി ഈ ആവശ്യത്തിനായി ഏറ്റെടുക്കണമെന്ന് ഡി.എം.ഒ അഭ്യർഥിച്ചു. ഇത് അംഗീകരിച്ച് ഉത്തരവിറക്കാൻ കളക്ടർ നിർദേശിച്ചു. ഓൺലൈനായാണ് യോഗം ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here