കോവിഡ് പ്രതിരോധം; ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം: കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രം

0
62

കാസർഗോഡ്: (www.k-onenews.in) ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. 14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പോലീസ് പരിശോധന നടത്തും. കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇതിൽ നടപടി സ്വീകരിക്കാനായി ജില്ലാ പോലീസ് മേധാവിയേയും ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തി.

കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രം
കോവിഡ്-19 രോഗവ്യാപനം കണക്കിലെടുത്ത് കർശന നിയന്ത്രണത്തിനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പ്രസ്തുത സമയ പരിധി പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നപക്ഷം, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്തിരാജ് ആക്റ്റ് എന്നിവയിൽ അനുശാസിക്കുന്ന അധികാരമുപയോഗിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് അറിയിച്ചു.
പോലീസ് പരിശോധന കർശനമാക്കാനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഉത്സവ പരിപാടികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മത നേതാക്കളുടെ യോഗം പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ വിളിച്ചു ചേർക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. യോഗങ്ങളിൽ ആർ.ഡി.ഒ, തഹസിൽദാർ എന്നിവരെക്കൂടി പങ്കെടുപ്പിക്കും.
പൊതുഗതാഗത വാഹനങ്ങളിൽ അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ കയറ്റാൻ പാടുള്ളൂ. ബസുകളിൽ നിന്ന് കൊണ്ട് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇതിന് വിരുദ്ധമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ആർ.ടി.ഒ കർശന നടപടി സ്വീകരിക്കും.
തട്ടുകടകളിൽ പാർസൽ മാത്രം

തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതയ്ക്കരികിലെയും കാസർകോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡരികിലെയും തട്ടുകടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാർസലായി മാത്രമേ ഭക്ഷണം വിൽക്കാൻ പാടുള്ളൂ. ഈ കടകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ജില്ലയിൽ തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ഉടമയും സ്ഥാപനത്തിലെ മറ്റ് ജോലിക്കാരും നിർബന്ധമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കണം. കടയ്ക്കു മുന്നിൽ ആൾക്കാർ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഈ നിർദേശത്തിന്റെ ലംഘനം കണ്ടാൽ കർശന നടപടി സ്വീകരിക്കും.
ട്യൂഷൻ സെന്ററുകളിൽ കോവിഡ് പ്രോട്ടോക്കോൾ
ട്യൂഷൻ സെന്ററുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കൂടുതൽ വിദ്യാർഥികൾക്ക് ഒരേ സമയം ക്ലാസെടുക്കുന്നത് അനുവദിക്കില്ല. സ്‌കൂളുകളിൽ പരീക്ഷാ നടത്തിപ്പിന് സ്വീകരിച്ചിട്ടുള്ള അതേ മുൻകരുതലുകൾ പാലിച്ച് ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികൾ മാത്രമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മാത്രമേ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കും.

കായിക വിനോദങ്ങൾ നിർത്തിവെക്കണം
തുറന്ന ഗ്രൗണ്ടുകളിലും ഇൻഡോർ ഗ്രൗണ്ടുകളിലുമുള്ള എല്ലാവിധ കായിക വിനോദങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here