കേരളത്തില്‍ 10 ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന്‌ കെപിസിസി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്

0

കോഴിക്കോട്: (www.k-onenews.in) കേരളത്തിൽ 10 ലക്ഷത്തിനും 14 ലക്ഷത്തിനുമിടയിൽ ഇരട്ട വോട്ടുകളുണ്ടായേക്കാമെന്ന് ഇരട്ട വോട്ടുകളെക്കുറിച്ച് ദീർഘകാലമായി അന്വേഷിക്കുകയും കെ.പി.സി.സി. നേതൃത്വത്തിന് ഇക്കാര്യത്തിൽ കൃത്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന വ്യക്തി പറഞ്ഞു. ഒരു കാരണവശാലും തന്റെ പേര് വെളിപ്പെടുത്തരുതെന്ന കർശന നിബന്ധനയോടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ സ്വകാര്യ ഓൺലൈൻ ചാനലിനോട് പറഞ്ഞത്.

നിലവിൽ 4,34,000 ഇരട്ട വോട്ടുകളെക്കുറിച്ചാണ് തെളിവുസഹിതം കെ.പി.സി.സി. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തിൽ 2,74,46,039 വോട്ടർമാരാണുള്ളത്. ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിന്മേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച വിശദീകരണം നൽകണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് ഇരട്ടവോട്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി ഇവ കണ്ടെത്തുന്നതിനായി അഹോരാത്രം പ്രവർത്തിച്ചവരിൽ മുൻനിരയിലുള്ളയാൾ സംസാരിച്ചത്.

”ഒരാളുടെ മാത്രം അദ്ധ്വാനമല്ല ഈ കണ്ടെത്തലിന് പിന്നിൽ. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ള കെ.പി.സി.സി. നേതൃത്വമടക്കം നൂറുകണക്കിന് പ്രവർത്തകരാണ് മാസങ്ങളായി ഇതിനു വേണ്ടി അദ്ധ്വാനിച്ചത്. കൂട്ടായ പ്രവർത്തനമായതു കൊണ്ടാണ് എന്റെ പേര് വെളിയിൽ വരണമെന്ന് താൽപര്യമില്ലാത്തത്. ഇരട്ടവോട്ടുകൾ കണ്ടെത്തിയതിനുള്ള ബഹുമതി നിരവധി പേർക്ക് അവകാശപ്പെട്ടതാണ്.”

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ എൺപതോളം മണ്ഡലങ്ങളിലാണ് ഇരട്ടവോട്ടുകളുടെ ആധിക്യമുള്ളതെന്നും ഇവിടങ്ങളിൽ ചുരുങ്ങിയത് ഓരോ മണ്ഡലത്തിലും അയ്യായിരത്തിനും എണ്ണായിരത്തിനുമിടയിൽ ഇരട്ട വോട്ടുകളെങ്കിലുമുണ്ടായിരിക്കുമെന്നാണ് തങ്ങൾക്ക് കിട്ടിയിട്ടുള്ള വിവരമെന്നും ഈ അന്വേഷകൻ പറഞ്ഞു. ദീർഘകാലമായി കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ വ്യക്തിയാണ് അന്വേഷണസംഘത്തെ നയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചാണ് കെ.പി.സി.സി. നേതൃത്വം ഇരട്ടവോട്ടുകൾ കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണം തുടങ്ങിയത്.

25,000 ബൂത്തുകളിലായി 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ വിശദമായ പരിശോധനയിലൂടെ കണ്ടെത്താനായ 4,34,000 വോട്ടുകളെക്കെുറിച്ചുള്ള പരാതിയാണ് കെ.പി.സി.സി. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് തലത്തിൽ വോട്ടർ പട്ടികകളുമായി ഒത്തുനോക്കിയും പല കേസുകളിലും വോട്ടർമാരുടെ വീടുകളിൽപോയി വിശദാംശങ്ങൾ പരിശോധിച്ചുമാണ് ഈ തെളിവുകൾ കണ്ടെത്തിയത്. ബാക്കിയുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തിലും ഈ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും തെളിവുകൾ കിട്ടുന്ന മുറയ്ക്ക് ഇവയെല്ലാം പുറത്തു വിടും. ”യു.ഡി.എഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഈ സമരം പരാജയപ്പെട്ടാൽ അത് കേരളത്തിൽ ജനാധിപത്യത്തിന്റെ അവസാനമാവും.”

ഒറ്റനോട്ടത്തിൽ നാലര ലക്ഷം ഇരട്ടവോട്ട് ഇതുവരെ കണ്ടെത്തി കമ്മീഷന് കൈമാറിഎണ്‍പതോളം മണ്ഡലങ്ങളിലാണ് ഇരട്ടവോട്ടുകളെന്ന് സംഘം

LEAVE A REPLY

Please enter your comment!
Please enter your name here