ജിദ്ദ: (www.k-onenews.in) മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ഞാൻ
വ്യക്തി താല്പര്യത്തിന്റെ പേരിൽ പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള വേദിയായി ഇതിനെ പ്രയോജനപ്പെടുത്തുമെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഡോ.തസ്‌ലീം അഹമ്മദ് റഹ്‌മാനി.
ഇന്ത്യൻ സോഷ്യൽ ഫോറം ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനതയോടും രാജ്യത്തോടുമുള്ള കടപ്പാട് മനസ്സിലാക്കിക്കൊണ്ടാണ് താൻ ഇവിടേക്ക് വന്നത്. രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവരുടെ രണഭൂമിയായ മലപ്പുറത്തെപ്പോലെ മറ്റൊരിടം ഇന്ത്യാ ചരിത്രത്തിൽ വിരളമായിരിക്കും. ആയിരക്കണക്കിന് സ്വാതന്ത്ര്യ ദാഹികളാണ് ഈ മണ്ണിൽ നിന്നും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നിൽ പിടഞ്ഞു വീണതും നാട് കടത്തപ്പെട്ടിട്ടുള്ളതും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജന്മനാടിനോടുള്ള കടമ നിറവേറ്റുന്നതിന് ധിഷണാശാലികളായ നേതാക്കളുടെ കീഴിൽ രാജ്യത്തിൻറെ ഭരണഘടന മുറുകെപ്പിടിച്ചു കൊണ്ട് ഭരണ രംഗത്തും മറ്റും ഉത്തരവാദിത്തം നിറവേറ്റിയവരുടെ ഭൂമിയാണ് മലപ്പുറം. അനീതിക്കെതിരെ സധൈര്യം പോരാടിയ നേതാക്കളുടെ പോരായ്മ നികത്താൻ അവസരം കിട്ടിയാൽ സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുമെന്നും ഡോ. തസ്‌ലീം റഹ്‍മാനി പറഞ്ഞു

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ ഫാഷിസമാണ്. ഹിന്ദുത്വവും ഹിന്ദുമതവും രണ്ടാണ്. ഹിന്ദുത്വർ സവർണ്ണ മനുവാദ താല്പര്യത്തോടെ രാജ്യം സ്വന്തമാക്കാനുള്ള അജണ്ടയുമായി നടക്കുകയാണ്. അതിന്റെ അനുരണനങ്ങളാണ് രാജ്യത്തുടനീളം ദലിതുകളും മുസ്ലിംകളും മറ്റു ന്യൂനപക്ഷവിഭാഗങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന ജാതിവെറിയും വംശഹത്യയും കലാപങ്ങളുമെല്ലാം. ഹിന്ദുയിസം എന്നത് യഥാർത്ഥ ഹിന്ദു മതവിശ്വാസികൾ ഉൾക്കൊള്ളുന്നതാണ്. ഫാഷിസത്തെ പിടിച്ചു കെട്ടാനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് സാധിച്ചിട്ടില്ലെന്നു മാത്രമല്ല സാധ്യവുമല്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉത്തരേന്ത്യയിൽ നിന്നും
രാഹുൽ ഗാന്ധിയെ വയനാട്ടിൽ കൊണ്ട് വന്നു മത്സരിപ്പിച്ചു. യഥാർത്ഥത്തിൽ ബി.ജെ.പി.യെയും ഫാഷിസത്തെയു തോൽപ്പിക്കാനാണ് അവർ ലക്ഷ്യം വെക്കുന്നതെങ്കിൽ കേരളത്തിൽ സംഘ പരിവാറിന് വിജയ സാധ്യതയുള്ള തിരുവനന്തപുരത്തായിരുന്നു അദ്ദേഹം ജനവിധി തേടേണ്ടിയിരുന്നത്. രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ട് വന്നവരാണ് എന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിക്കുന്നത്.

ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം മുഴക്കി വോട്ടു വാങ്ങി വിജയിക്കുകയും യാതൊരു സങ്കോചവുമില്ലാതെ ബി.ജെ.പിയിലേക്ക് കൂറുമാറി അവരുടെ യഥാർത്ഥ സ്വാഭാവം പുറത്തെടുത്തു വോട്ടർമാരെയും അണികളെയും വഞ്ചിക്കുന്നത് കൂടുതലും കോൺഗ്രസ്സ് എം.പി. മാരും, എം.എൽ.എ.മാരുമാണ്. ഇത്തരത്തിൽ ഈയടുത്തകാലത്ത് അഞ്ചു സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിയുടെ കൈകളിലെത്തിച്ച കോൺഗ്രസ്സിനെ എങ്ങിനെയാണ് വിശ്വസിക്കേണ്ടത്.

സി.പി.എമ്മും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. അവർക്കു ദശാബ്ദങ്ങളുടെ ഭരണസാരഥ്യമുണ്ടായിരുന്ന ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതും ഇവിടങ്ങളിൽ ബി.ജെ.പിക്ക് മേൽക്കൈയുണ്ടാക്കിയിട്ടുള്ളതും അവരുടെയുള്ളിലെ ഹിന്ദുത്വ ചിന്താഗതിയാണ്.

പൂർണ്ണമായും സമാധാനത്തോടെ ജനങ്ങൾ വസിക്കുന്ന ലക്ഷദ്വീപിൽ അരാജകത്വം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ പുതിയ തന്ത്രവുമായി നീങ്ങുന്നതിനെതിരെ ഒരു പ്രതിപക്ഷപാർട്ടിയും പ്രതിഷേധിച്ചിട്ടില്ല. കാശ്മീരിലെ ജനങ്ങളെ സൈനികനടപടിക്കു വിധേയകമാക്കി ക്രൂരമായി പീഡിപ്പിക്കുന്നതു പോലെ ലക്ഷദ്വീപിനെയും നശിപ്പിക്കാനാണ് ബീഫ് നിരോധനവും സൈനിക വിന്യാസവുമായി ബി.ജെ.പി സർക്കാർ നീങ്ങുന്നതെന്നും ഡോ. തസ് ലീം റഹ് മാനി പറഞ്ഞു.

ഗുണപരമായ മാറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന മലപ്പുറത്തെ ജങ്ങൾക്കു മുന്നിൽ ആർക്കും വിലക്കെടുക്കാനാവാതെ ആർജ്ജവത്തോടു കൂടി പാർലമെന്റിലും പുറത്തും പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണെന്നു ഉറപ്പു നൽക്ന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂം വിർച്വൽ കൺ വെൻഷൻ എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്‌ഘാടനം ചെയ്തു.
ഫാഷിസ്റ്റ് വിരോധത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അനിവാര്യമായ ഇടങ്ങളിൽ ഇടതു വലതു മുന്നണികൾ പരസ്പരം കൊമ്പു കോർക്കാതെ ഒന്നിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാരത്തിനു സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള മണ്ണൊരുക്കിക്കൊടുക്കുന്നതിൽ ഇരു മുന്നണികളികൾക്കും മുഖ്യ പങ്കുണ്ടെന്നത് വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി. ജയിക്കാനും പലയിടങ്ങളിലും ഭരണത്തിലേറാനും കഴിഞ്ഞത് ഇരു മുന്നണികളുടെയും പ്രവർത്തനഫലമാണ്. എന്നാൽ സംഘ്പരിവാരത്തെ തടയുന്നതിന് എസ്. ഡി.പി.ഐ മുന്നോട്ടു വെച്ച തന്ത്രങ്ങൾ മുഖവിലക്കെടുക്കാതെ ബി.ജെ.പിക്ക് വഴിവെട്ടുന്ന പണിയാണ് കോൺഗ്രസ്സും സി.പി.എമ്മും മുസ്ലിം ലീഗടക്കമുള്ള പാർട്ടികളും ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ പാർലമെന്റിൽ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ശബ്ദം കാര്യക്ഷമതയോടെയും, സംഘപരിവാറിന്റെ മുമ്പിൽ മുട്ടുവിറക്കാതെയും അവതരിപ്പിക്കാൻ കഴിയുന്ന ഡോ: തസ്‌ലീം അഹ്മദ് റഹ്‌മാനിയെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ ഉപസംഹാര പ്രസംഗം നടത്തി. സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ. എം. അബ്ദുല്ല സ്വാഗതവും, സൗദി കേരള കോഓർഡിനേറ്റർ ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here