മുംബൈ: (www.k-onenews.in) ബോളിവുഡ് നടന്‍ ‍സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തില്‍ ഞെട്ടി മലയാളികളും. 2018ല്‍ ചീറിയടിച്ച പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് ആരാധകന്‍റെ രൂപത്തിലാണ് സുശാന്ത് സഹായം നല്‍കിയത്. 2018 ഓഗസ്റ്റില്‍ ഒരു ആരാധകന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സുശാന്ത് സിങ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

'പ്രളയത്തില്‍ ഒരു കോടിയുടെ സഹായം'; ആരാധകന്‍റെ പേരില്‍ കേരളത്തിന് 1 കോടി നല്‍കിയ സുശാന്ത്

ശുഭംരഞ്ജന്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും സുശാന്തിനെ മെന്‍ഷന്‍ ചെയ്ത് നല്‍കിയ കമന്‍റിലാണ് താരം സഹായം നല്‍കിയത്. ‘എന്‍റെ കൈയ്യില്‍ കേരളത്തിന് നല്‍കാന്‍ പണമില്ല, കുറച്ച് ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ട്, എന്ത് ചെയ്യാനാകും’; എന്നായിരുന്നു ചോദ്യം. ‘നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം, ആവശ്യക്കാരിലേക്ക് ആ തുക എത്തുന്നു എന്നുറപ്പാക്കാമോ’ എന്നായിരുന്നു സുശാന്തിന്‍റെ മറുപടി. പിന്നീട് വാഗ്ദാനം ചെയ്ത പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ഓണ്‍ലൈന്‍ രസീതിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുശാന്ത് മറുപടി പങ്കുവെച്ചു. ശുഭംരഞ്ജിനോട് നന്ദി പറഞ്ഞാണ് സുശാന്ത് കുറിപ്പ് പങ്കുവെച്ചത്.

‘സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്നേഹം..എന്‍റെ കേരളം’; എന്നായിരുന്നു സുശാന്ത് കുറിച്ചത്. സുശാന്ത് അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച #മൈകേരളാ എന്ന് ഹാഷ് ടാഗ് വലിയ ചര്‍ച്ചയായിരുന്നു.

ഇന്ന് മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്ത് സിങിനെ കണ്ടെത്തിയത്. 34 വയസ്സായിരുന്നു. ‘പവിത്ര രാഷ്ട്ര’ എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്തേക്കെത്തുന്നത്. കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് സുശാന്ത് ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കുറിക്കുന്നത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്‍റേതായി പുറത്തിറങ്ങിയ അവസാനം ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here