ചെന്നൈ: (www.k-onenews.in) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് സംസ്കാരത്തോട് ബഹുമാനമില്ലെന്ന് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിരവധി സംസ്കാരങ്ങളും ഭാഷകളുമുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളുൾപ്പടെ എല്ലാ ഭാഷകൾക്കും ഇടമുണ്ടെന്നും നാം വിശ്വസിക്കുന്നു. എന്നാൽ നരേന്ദ്രമോദിക്ക് തമിഴ്നാട്ടിലെ ജനതയോടും സംസ്കാരത്തോടും ഭാഷയോടും ബഹുമാനമില്ല. തമിഴ് ജനതയും ഭാഷയും സംസ്കാരവും മോദിയുടെ ആശയങ്ങൾക്കും സംസ്കാരത്തിനും പാദസേവ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നത്’, കോയമ്പത്തൂരിലെ റോഡ് ഷോയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാർ പാസ്സാക്കിയ കർഷക നിയമങ്ങളെയും രാഹുൽ ഗാന്ധി വിമർശിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനായി കർഷകരുടെ കഷ്ടതയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ് അല്ലാതെ രാഷ്ട്രബന്ധമല്ല ഉളളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്തെങ്കിലും സ്വാർഥ താല്പര്യത്തോടുകൂടിയല്ല താൻ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ എത്തിയിരിക്കുന്നത്. തിരുപ്പൂർ, ഈറോഡ്, കാരൂർ എന്നിവിടങ്ങളിൽ രാഹുൽ സന്ദർശനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here