ഇസ്ലാമാബാദ്: (www.k-onenews.in) പാകിസ്താൻ പേസ് ബൗളർ ഉമർ ഗുൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷണൽ ടി20 കപ്പോടെയാണ് ഗുല്ലിന്റെ പ്രഖ്യാപനം.
2016 സെപ്റ്റംബറിലാണ് ഗുൽ അവസാനമായി പാകിസ്താൻ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞത്. 2003 ഏപ്രിലിൽ സിംബാബ്വെയ്ക്കെതിരേ അരങ്ങേറ്റം കുറിച്ച ഗുൽ നീണ്ട 13 വർഷക്കാലം പാക് ബൗളിങ് നിരയിലെ പ്രധാന താരമായിരുന്നു.
പാകിസ്താൻ ടീമിനായി 47 ടെസ്റ്റിൽ നിന്ന് 163 വിക്കറ്റും ഏകദിനങ്ങളിൽ നിന്ന് 179 വിക്കറ്റും 60 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 85 വിക്കറ്റും നേടിയിട്ടുണ്ട്. 2016-ൽ ദേശീയ ടീമിൽ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ട്വന്റി 20 ലീഗുകളുടെ ഭാഗമായിരുന്നു ഗുൽ.
2002-ലെ അണ്ടർ 19 ലോകകപ്പോടെയാണ് ഗുൽ ശ്രദ്ധിക്കപ്പെടുന്നത്. യോർക്കറുകൾ എറിയുന്നതിലെ കൃത്യതയായിരുന്നു ഗുല്ലിന്റെ പ്രത്യേകത.
ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ റണ്ണറപ്പായ പാക് ടീമിനായി മികച്ച പ്രകടനമാണ് ഗുൽ പുറത്തെടുത്തത്. ആ ടൂർണമെന്റിൽ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൻ മുന്നിലായിരുന്നു ഗുൽ.