പിങ്ക് പോലീസ് പ്രൊട്ടക്ഷൻ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

0
8

കാസർകോട്: (www.k-onenews.in) സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരള പോലീസിന്റെ പിങ്ക് പോലീസ് പ്രൊട്ടക്ഷൻ പദ്ധതിക്ക് കാസർകോട് ജില്ലയിൽ തുടക്കമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ, സൈബർ ലോകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അവഹേളനങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പോലീസ് പ്രൊട്ടക്ഷൻ പ്രവർത്തനം. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം കൂടുതൽ സജീവമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഗാർഹിക പീഡനങ്ങൾ, സ്ത്രീധന പീഡനങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പിങ്ക് ജനമൈത്രി ബീറ്റ് ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനായി പ്രത്യേക പരിശീലനം നൽകും. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പോലീസുകാർ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കും.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്‌കൂൾ, കോളേജ്, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പിങ്ക് ബീറ്റ് സേവനമുണ്ടാകും. ജനത്തിരക്ക് കൂടിയ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ പിങ്ക് ഷാഡോ സംഘത്തെയും നിയോഗിക്കും. സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗിച്ച് വനിതാ സെല്ലുകളിൽ നിലവിലുള്ള കൗൺസിലിംഗ് സംവിധാനം ശക്തിപ്പെടുത്തു. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഫലപ്രദമായി തീർപ്പുകൽപ്പിക്കാൻ പിങ്ക് പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. പദ്ധതിയുടെ നടത്തിപ്പിനായി POL_APP, നിർഭയം ആപ്പ് എന്നിവയുടെ പ്രചാരണം വർധിപ്പിക്കും.
ജില്ലക്ക് പുതുതായി അനുവദിച്ച പിങ്ക് ബൈക്ക് പട്രോൾ സംസ്ഥാന പോലീസ് മേധാവി വൈ. അനിൽകാന്ത് ഫ്ളാഗ് ഓഫ് ചെയ്തു.  ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ, കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, പിങ്ക് ജനമൈത്രി ബീറ്റ് പദ്ധതി നോഡൽ ഓഫീസർ ഡിവൈ.എസ്.പി എ.സതീഷ്‌കുമാർ, ഡിവൈ.എസ്.പിമാർ, വനിതാ സെൽ സി.ഐ ഭാനുമതി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here