കോഴിക്കോട്: (www.k-onenews.in) അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാതെ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള സ്വതന്ത്ര പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തിയുള്ള പോലീസ് ആക്ടിലെ ഭേദഗതി 118 എ ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്.വിവിധ തുറകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറുംവാക്ക് മാത്രമാണ് ഭേദഗതി നടപ്പിലാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന. ജനാധിപത്യ സമൂഹം ഈ തട്ടിപ്പില്‍ വീഴരുത്. നിലവില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ച് പ്രാബല്യത്തില്‍ വന്ന നിയമമാണ് പോലീസ് ആക്ട് ഭേദഗതി 118 എ. അത് പിന്‍വലിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ നടപ്പിലാക്കില്ല എന്ന പൊതു പ്രസ്താവനക്ക് നിയമപരമായ നിലനില്‍പ്പില്ല. പോലീസ് ആക്ട് ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരേണ്ടതുണ്ട്.

എതിര്സ്വരങ്ങളും പ്രതിപക്ഷവും ഇല്ലാത്ത ഏകാധിപത്യ ഭരണം ലക്ഷ്യമിടുന്ന നരേന്ദ്ര മോദിയുടെ പാത തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നതിന്റെ തെളിവാണിത്. തീവ്ര വിദ്വേഷ പ്രചാരകരായ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ തെളിവുകള്‍ സഹിതം നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സിപിഎം സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം വ്യാജ പരാതികളുടെ മേല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കും പ്രഭാഷകര്‍ക്കും എതിരേ ധ്രുതഗതിയില്‍ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമ ഭേദഗതിയും സിപിഎമ്മിന്റെ ഹിന്ദുത്വ വര്‍ഗീയതക്ക് ആയുധമാക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here