വാളുകളും തോക്കുകളും മഴുവും ത്രിശൂലവുമടങ്ങുന്ന മാരകായുധങ്ങള്‍ പരസ്യമായി പ്രദർശിപ്പിച്ച് പ്രതീഷ് വിശ്വനാഥിന്റെ പരസ്യമായ കലാപത്തിനുള്ള ആഹ്വാനം

0

എറണാകുളം: (www.k-onenews.in) വാളുകളും തോക്കുകളും മഴുവുമടങ്ങുന്ന മാരകായുധങ്ങൾ പരസ്യമായി പ്രദർശിപ്പിച്ച് വിദ്വേഷ പ്രചാരകനും തീവ്ര ഹിന്ദുത്വവാദിയുമായി പ്രതീഷ് വിശ്വനാഥ്. മഹാനവമിയുടെ മറവിൽ ആയുധ പൂജയുടെ പേരിലാണ് 30ഓളം മാരകായുധങ്ങൾ ഇയാൾ പ്രദർശിപ്പിച്ച് പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രണ്ട് വലിയ തോക്കുകൾ, മൂന്ന് പിസ്റ്റളുകൾ, ഇവയുടെ തിരകൾ, നിരവധി വാളുകൾ, കത്തികൾ, ത്രിശൂലങ്ങൾ, കുന്തങ്ങൾ തുടങ്ങിയവയാണ് ഇയാൾ വീട്ടിൽ ആയുധ പൂജ നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ആയുധം താഴെവയ്ക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നും ഇയാൾ പറയുന്നു.

മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല, വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇതെന്നും ഇയാൾ പറയുന്നു. ഫേസ്ബുക്കിലൂടെ നിരന്തരം വിദ്വേഷ പ്രചരണവും കലാപ ആഹ്വാനവും പള്ളി പൊളിക്കാൻ ആഹ്വാനവും നടത്തുന്ന പ്രതീഷ് വിശ്വനാഥിനെതിരെ നിരവധി പരാതികളുണ്ടെങ്കിലും ഇതുവരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് ഇയാൾക്ക് വളമാകുന്നത്.

ലഘുലേഖയും പുസ്തകങ്ങളും പട്ടിക കൊണ്ടുണ്ടാക്കിയ മനുഷ്യക്കോലവും പോലും കണ്ടെത്തിയെന്നു പറഞ്ഞ് മുസ്ലിം യുവാക്കളെ യുഎപിഎയും മാവോയിസ്റ്റ് ബന്ധവും ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന പൊലീസാണ് പ്രതീഷ് വിശ്വനാഥ് പരസ്യമായി ഇത്രയധികം ആയുധങ്ങൾ പ്രദർശിപ്പിച്ചിട്ടും കലാപാഹ്വാനം നടത്തിയിട്ടും കണ്ടില്ലെന്നു നടിക്കുന്നത്. ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി വൻ വിമർശനമാണ് ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് പ്രതീഷ് വിശ്വനാഥ്‌ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തിരുന്നു. സർക്കാരിനെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നൽകിയ പ്രതീഷ് വിശ്വനാഥിനെതിരെ കോതമംഗലം സ്വദേശി ധനൂപ് മോഹൻ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ധനൂപിനു പൊലീസ് നൽകിയ മറുപടി. വർഗീയത പ്രചരിപ്പിച്ചതിന് ധനൂപ് മോഹൻ നൽകിയ പരാതി മടക്കാനുള്ള കാരണമായി “ആളെ കണ്ടുകിട്ടാനില്ല” എന്നായിരുന്നു പൊലീസ് പറഞ്ഞ മറുപടി. കൂടാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ പൊലീസ് കാണാനില്ലെന്ന് പറഞ്ഞ ഇതേ പ്രതീഷ് വിശ്വനാഥാണ് 2019 നവംബർ 26ന് കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിലെത്തിയത്. ഇവിടെയെത്തിയ ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് മുളകു സ്പ്രേ ആക്രമണം നടത്തിയിരുന്നു. കമ്മീഷണർ ഓഫീസിനു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രതീഷ് വിശ്വനാഥിന്റെ അടുക്കൽ പൊലീസ് നിൽക്കുന്ന ദൃശ്യങ്ങളും ഇയാൾ ബിന്ദു അമ്മിണിയോട് ആക്രോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കഴിഞ്ഞ നവംബർ ഒമ്പതിന് ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സുപ്രീംകോടതി വിട്ടുനൽകിയപ്പോൾ പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും നിലനിൽക്കെ വിദ്വേഷവും മതസ്പർധയും പരത്തുന്ന പോസ്റ്റുകൾ പ്രതീഷ് വിശ്വനാഥ് പങ്കുവച്ചിരുന്നു. പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ പ്രതീഷ് വിശ്വനാഥിനെതിരെ അഭിഭാഷകനായ അമീൻ ഹസ്സൻ പരാതി നൽകിയിരുന്നു. വിധിക്കു പിന്നാലെ ആഹ്ലാദപ്രകടനങ്ങളോ പ്രകോപനപരമായ പരാമർശങ്ങളോ പാടില്ലെന്ന അധികൃതരുടെ നിർദേശം പരസ്യമായി ലംഘിച്ചെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അമീൻ ഹസ്സൻ പരാതി നൽകിയത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.


2017ൽ ബാബരി മസ്ജിദ് പൊളിച്ചതിന്റെ വാർഷികദിനത്തിൽ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതീഷ് വിശ്വനാഥ്‌ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ, സമാനമായ രീതിയിൽ കാശിയിലെയും മധുരയിലെയും മസ്ജിദുകൾ പൊളിച്ചു മാറ്റണമെന്നും ആഹ്വാനം ചെയ്തിരുന്നു. അതേവർഷം ഡിസംബർ ഏഴിന് രാജസ്ഥാനിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നു പറഞ്ഞും ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതിനെതിരെയും പൊലീസിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിന്റേയും കമന്റിന്റേയും പേരിൽ എം സ്വരാജ് എംഎൽഎയ്ക്കെും മറ്റ് രണ്ടു പേർക്കുമെതിരെ കേസെടുത്ത പൊലീസാണ് ഇരട്ടത്താപ്പ് കാട്ടിയത്.


മധ്യപ്രദേശിലെ ഇൻഡോറിലെ ടാറ്റ്പാട്ടി ബഖാല്‍ പ്രദേശത്ത് കോവിഡ് പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തിയത് തബ്‌ലീഗുകാരാണെന്നും പ്രതീഷ് വിശ്വനാഥിന്റെ വ്യാജ പ്രചരണം നടത്തിയിരുന്നു. കൊറോണ പടരുന്നതിനിടെ അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് കണ്ടില്ല. പോസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കേരളാ പൊലീസ് സ്വീകരിച്ചില്ല.

റിലീസാവാനിരുന്ന മലയാള സിനിമകളുടെ പേരിൽ വർഗീയ വിദ്വേഷം പരത്തിയും പ്രതീഷ് വിശ്വനാഥ് ജനുവരിയിൽ രംഗത്തെത്തിയിരുന്നു. ജനുവരി 10നായിരുന്നു ഇത്. മുസ്‌ലിം പശ്ചാത്തലമുള്ള പേരുകൾ ഉള്ള സിനിമകളെ മാത്രം തിരഞ്ഞുപിടിച്ചാണ് സിനിമാലോകം ഇസ്‌ലാമികവൽക്കരിക്കപ്പെട്ടെന്ന ആരോപണവുമായി പ്രതീഷ് രംഗത്തെത്തിയത്. തുടർന്ന്, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ‘മുസ്‌ലിമാക്കി’യും ഇയാൾ രംഗത്തെത്തി. ജൂലൈ ഏഴിനായിരുന്നു ഇത്.

സ്വപ്ന വെറും സ്വപ്നം അല്ലെന്നും മതം മാറി മുംതാസ് ആയ ആളാണെന്നുമാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലൂടെ തട്ടിവിട്ടത്. 2014- 2015 വർഷങ്ങളിൽ ഖത്തറിൽ വച്ച് ഇസ്മായിൽ എന്ന ആളെ വിവാഹം കഴിക്കാൻ എന്ന പേരിൽ മതം മാറി മുംതാസ് എന്ന പേര് സ്വീകരിച്ചിരുന്ന ആളാണ് സ്വപ്ന എന്നാണ് ഖത്തറിൽ നിന്നുള്ള വിവരം- എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ വാദം. 2015 ജൂലൈയിൽ ആണ് വിവാഹം നടന്നതെന്നും ഖത്തറിലെ ഫനാർ പള്ളിയിൽ നിന്നാണ് മതം മാറിയത് എന്നാണ് വിവരം- എന്നുമായിരുന്നു ഇയാളുടെ ഭാഷ്യം. എന്നാൽ യുഎഇ കോൺസുലേറ്റ് ജീവനക്കാരിയായിരുന്നു സ്വപ്ന എന്നിരിക്കെയാണ് വൻ നുണപ്രചരണവുമായി സംഭവത്തിന് വർഗീയ നിറം നൽകി പ്രതീഷ് രംഗതെത്തിയത്.

മഹാരാഷ്ട്ര എംഎല്‍എ അബൂ ആസിം അസ്മിയുടെ അണികള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ട്വീറ്റിലൂടെ ഇയാൾ വ്യാജപ്രചരണം നടത്തിയിരുന്നു. എന്നാല്‍ വീഡിയോയില്‍ അങ്ങനൊരു മുദ്രാവാക്യം ആരും വിളിക്കുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെ പ്രതീഷ് വിശ്വനാഥ് വിവാദ ട്വീറ്റ് മുക്കി തടിയൂരി. ‘അവര്‍ സാജിദ് ഭായ് സിന്ദാബാദ്’ എന്നാണ് വിളിക്കുന്നതെന്നും പാകിസ്താന്‍ സിന്ദാബാദ് എന്നല്ലെന്നും ഇതിനടിയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേസമയം, പരാതി പോലുമില്ലാതെ കേവലമൊരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ താജുദ്ദീന്‍ പൊതിയില്‍ എന്നയാള്‍ക്കെതിരെയും മറ്റ് ചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത്ത് ലാലാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളുടെ ഫോണ്‍ കോളിന്റെ പുറത്ത് ‘റൈറ്റ് തിങ്കേഴ്സ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ താജുദ്ദീന്‍ എന്നയാളുടേതായി വന്ന ഒരു പോസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന് സ്വയം അന്വേഷിച്ചു കണ്ടെത്തി കേസെടുത്തത്. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് താജുദ്ദീനെതിരെ ചുമത്തിയത്. എന്നാല്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടു പരാതി നല്‍കിയിട്ടും പൊലീസ് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുത്തില്ല.

തുടർച്ചയായി വർഗീയ-വിദ്വേഷ- മതസ്പർധാ പോസ്റ്റുകളും കലാപ ആഹ്വാനങ്ങളും നടത്തിയിട്ടും അതിനെതിരെ പരാതി ലഭിച്ചാലും പൊലീസ് പ്രതീഷ് വിശ്വനാഥിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നു വീണ്ടും തെളിയിക്കുന്നതാണ് പൊലീസിന്റെ പുതിയ സമീപനവും.

LEAVE A REPLY

Please enter your comment!
Please enter your name here