
തിരുവനന്തപുരം: (www.k-onenews.in) കേന്ദ്ര ഏജൻസികൾക്കെതിരേ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ യു.ഡി.എഫ്. വിമർശിക്കുന്നതിനിടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരേ എ.ഐ.സി.സി. നിരീക്ഷകൻ കൂടിയായ അശോക് ഗെഹ്ലോത് രംഗത്തെത്തിയത്.
സി.ബി.ഐയുടെ പക്ഷപാതിത്വത്തെ അദ്ദേഹം വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിവരങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫ്. സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഗെഹ്ലോത്തിന്റെ പ്രസംഗത്തിന്റെ പരിഭാഷകൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കെതിരേയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്ലോത് പറഞ്ഞു. മണിപ്പൂർ, ഗോവ സർക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിക്കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കോൺഗ്രസ്സിനകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും ബോധപൂർവ്വം പ്രചാരണം നടത്തുകയാണ്. ബംഗാളിൽ സി.പി.എമ്മുമായുളള സഖ്യം ബി.ജെ.പിയെ തകർക്കുന്നതിന് വേണ്ടിയാണ്. കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ യു.ഡി.എഫ്. ഒറ്റക്കെട്ടായി എൽ.ഡി.എഫിനെയും ബി.ജെ.പിയെയും നേരിടും. കേരളത്തിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും ഗെഹ്ലോത് പറഞ്ഞു