മുംബൈ: ( www.k-onenews.in) അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോവിഡ് പരിശോധനക്ക് ശേഷമാണ് സംസ്കാരം. സുശാന്ത് സിങ് രജപുതിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു

ഇന്നലെ ഉച്ചയോടെയാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സുശാന്തിന്‍റെ മരണ വാര്‍ത്ത പുറത്തുവരുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള നിഗമനം. ആത്മഹത്യാകുറിപ്പൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മുറിയില്‍ നടത്തിയ പരിശോധനയില്‍ സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ആറുമാസമായി കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍ സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ പറയുന്നത്‍. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ട് അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

”അവനൊരിക്കലും ആത്മഹത്യ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കട്ടെ. അവന്‍റെ മരണത്തില്‍ ഗൂഢാലോചനയുണ്ട്. അവന്‍ കൊല്ലപ്പെട്ടതാകാമെന്നാണ്” സുശാന്തിന്‍റെ അമ്മാവന്‍ പറയുന്നത്.

സുശാന്തിന്‍റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ജന്‍ അധികാര്‍ പാര്‍ട്ടിയുടെ നേതാവ് പപ്പു യാദവും പ്രകടിപ്പിച്ചത് സമാന അഭിപ്രായമാണ്. സുശാന്ത് കൊല്ലപ്പെട്ടതാണ്, അദ്ദേഹമൊരിക്കലും ആത്മഹത്യ ചെയ്യില്ല. സിബിഐ അന്വേഷണം വേണം ഇക്കാര്യത്തിലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ്, സുശാന്ത് ചികിത്സ തേടിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്നാണ് വ്യക്തമാക്കുന്നത്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നറിയാനായി ആന്തരികവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here