സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20; ബാറ്റിങ് കൊടുങ്കാറ്റായി അസ്ഹറുദ്ദീന്‍, മുബൈയ്‌ക്കെതിരെ കൂറ്റന്‍ വിജയവുമായി കേരളം

0
84

മുംബൈ: (www.k-onenews.in) സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കരുത്തരായ മുംബൈയ്ക്കെതിരേ കൂറ്റൻ വിജയവുമായി കേരളം. എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനിന്റെ മികവിലാണ് ഗ്രൂപ്പ് ഇ യിൽ കേരളം മുംബൈയ്ക്കെതിരേ രാജകീയ വിജയം സ്വന്തമാക്കിയത്.

ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. മുംബൈ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി അസ്ഹറുദ്ദീൻ ഒറ്റയാൻ പ്രകടനമാണ് കാഴ്ചവെച്ചത്.വെറും 54 പന്തുകളിൽ നിന്നും 137 റൺസെടുത്ത താരം പുറത്താവാതെ നിന്നു. വെറും 15.5 ഓവറിൽ 25 പന്തുകൾ ബാക്കിനിൽക്കെയാണ് കേരളത്തിന്റെ വിജയം. ഒരു കിടിലൻ സിക്സിലൂടെയാണ് അസ്ഹറുദ്ദീൻ ടീമിനെ വിജയത്തിലെത്തിച്ചത്. 11 സിക്സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. വെറും 37 പന്തുകളിൽ നിന്നാണ് അസ്ഹറുദ്ദീൻ സെഞ്ചുറിനേടിയത്.

പേരുകേട്ട മുംബൈ ബൗളിങ് നിരയെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് അസ്ഹറുദ്ദീൻ നേരിട്ടത്. 253.70 ആണ് താരത്തിന്റെ ഈ മത്സരത്തിലെ ശരാശരി ! അസറുദ്ദീനിന് പുറമേ 33 റൺസെടുത്ത റോബിൻ ഉത്തപ്പയും 22 റൺസെടുത്ത നായകൻ സഞ്ജുവും മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 42 ആദിത്യ താരെയുടെയും 40 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും 38 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് മികവിലാണ് 196 റൺസെടുത്തത്.

കേരളത്തിനായി കെ.എം.ആസിഫ് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റ് വീഴ്ത്തി. ഓൾറൗണ്ടർ ജലജ് സക്സേനയും മൂന്നുവിക്കറ്റ് നേടി. ശേഷിച്ച വിക്കറ്റ് എം.ഡി.നിധീഷ് സ്വന്തമാക്കി. ആദ്യമത്സരത്തിൽ നന്നായി പന്തെറിഞ്ഞ എസ്.ശ്രീശാന്തിന് വിക്കറ്റ് വീഴ്ത്താനായില്ല. നാലോവറിൽ 47 റൺസും താരം വഴങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here